താനൂരിൽ നിന്നും പ്ലസ് വൺ വിദ്യാർഥിനികളെ നാടുവിടാൻ സഹായിച്ച യുവാവ് അസ് ലം റഹീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിൽ നിന്ന് മടങ്ങിയ റഹീമിനെ തിരൂരിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും സുഹൃത്താണ് റഹീമെന്ന് പൊലീസ് പറഞ്ഞു. അതേസമയം മുംബൈയിൽ നിന്നും പിടികൂടിയ പെൺകുട്ടികളെ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കുമെന്നു ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. താനൂരിൽനിന്നുള്ള പൊലീസ് സംഘം പെൺകുട്ടികളെയും കൂട്ടി ഇന്നലെ വൈകിട്ടോടെ ഗരീബ്രഥ് എക്സ്പ്രസിൽ പൻവേലിൽനിന്നു യാത്രതിരിച്ചതായും ഉച്ചയോടെ തിരൂരിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയശേഷം കുട്ടികളുടെ വിശദമായ മൊഴിയെടുക്കും. കൗൺസലിങ്ങും നൽകും. യാത്രയോടുള്ള താൽപര്യം കൊണ്ടു പോയതാണെന്നാണ് അറിയാൻ കഴിഞ്ഞതെന്നും കൂടുതൽ വിവരങ്ങൾ കുട്ടികളിൽനിന്നു നേരിട്ടു ചോദിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടികളോടൊപ്പമുണ്ടായിരുന്ന എടവണ്ണ സ്വദേശിയായ യുവാവിനെയും നാട്ടിലെത്തിച്ചു മൊഴിയെടുക്കും. ഒപ്പം പോയ ഇയാൾ യാത്രയ്ക്കു സഹായം നൽകിയതായാണു കരുതുന്നത്. ഇയാളെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടതാണെന്നാണ് സൂചന. പെൺകുട്ടികളുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ കണ്ടെത്താനായതാണ് അന്വേഷണത്തിൽ നിർണായകമായത്. മുംബൈ പൊലീസും ആർപിഎഫും മുംബൈ മലയാളി സമാജവും അന്വേഷണത്തിൽ സഹായിച്ചെന്നു ആർ വിശ്വനാഥ് പറഞ്ഞു.
ബുധനാഴ്ച രാവിലെ പരീക്ഷയ്ക്കെന്നു പറഞ്ഞു വീട്ടിൽനിന്നിറങ്ങിയതായിരുന്നു വിദ്യാർഥിനികൾ. പരീക്ഷയ്ക്കു ഹാജരായിട്ടില്ലെന്നു സ്‌കൂളിൽ നിന്നറിഞ്ഞ രക്ഷിതാക്കൾ താനൂർ പൊലീസിൽ പരാതി നൽകി. മുംബൈ – ചെന്നൈ എഗ്മോർ എക്സ്പ്രസിലെ യാത്രയ്ക്കിടെ ഇന്നലെ പുലർച്ചെ രണ്ടോടെ പൂനെയ്ക്കടുത്തു ലോണാവാലയിൽ വച്ചാണു കുട്ടികൾ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലായത്. തുടർന്നു പൂനെയിൽ ഇറക്കുകയും മെഡിക്കൽ പരിശോധനയ്ക്കു ശേഷം കെയർ ഹോമിൽ എത്തിക്കുകയും ചെയ്തു.
രാവിലെ 11നു താനൂർ പൊലീസ് അവിടെയെത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇവരെ ഏറ്റെടുക്കുകയായിരുന്നു.വ്യാഴാഴ്ച പൻവേലിൽ ഇറങ്ങിയ വിദ്യാർഥിനികൾ ലോക്കൽ ട്രെയിനിൽ മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിൽ എത്തി. സമീപത്തെ, മലയാളിയുടെ ബ്യൂട്ടി പാർലറിൽ മുടിവെട്ടി. ലോക്കൽ ട്രെയിനിൽ പൻവേലിൽ വിദ്യാർഥിനികൾ എത്തുമെന്ന വിവരം മനസ്സിലാക്കി കഴിഞ്ഞദിവസം പൊലീസും മലയാളി സമാജം പ്രവർത്തകരും ഇവർക്കായി കാത്തുനിന്നെങ്കിലും പെൺകുട്ടികളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പുണെ ദിശയിലേക്കു കാണിക്കാൻ തുടങ്ങിയതോടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണു ഇവരെ കണ്ടെത്താനായത്.