കോട്ടയത്തെ നഴ്സിംഗ് കോളേജിലെ റാഗിംഗ് അതിക്രൂര സംഭവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എസ്എഫ്ഐയെ കരിവാരിത്തേക്കാൻ ശ്രമം നടക്കുന്നുവെന്നും എസ്എഫ്ഐയെ എങ്ങനെ ക്രൂശിക്കാമെന്നാണ് ചിലർ നോക്കുന്നതെന്നും എംവി ഗോവിന്ദൻ വിമർശിച്ചു. എസ്എഫ്ഐയ്ക്ക് ആ സംഭവവുമായി യാതൊരു ബന്ധവുമില്ല. പ്രതിപക്ഷ നേതാവടക്കം നടത്തുന്നത് വ്യാജ പ്രചാരണമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ടി പി ശ്രീനിവാസനെ തല്ലിയത് മഹാ അപരാധമല്ലെന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ വിശദീകരണത്തിൽ, ആരെയും തല്ലാൻ പാടില്ല എന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം. ആർഷോയെ തള്ളിക്കൊണ്ടാണ് ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്. ആരെയും തല്ലുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
വയനാടിന് വേണ്ടി കേന്ദ്രം വായ്പ അനുവദിച്ചതിനെ കേന്ദ്രത്തിന്റേത് വിചിത്ര നടപടിയെന്നാണ് ഗോവിന്ദൻ വിശേഷിപ്പിച്ചത്. ശശി തരൂരിന്റെ ലേഖനം വസ്തുതകൾ തുറന്നുകാണിക്കുന്നതാണെന്നും വസ്തുതാപരമായ കാര്യങ്ങൾ തുറന്നുപറഞ്ഞതിൽ ശശി തരൂരിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.