ഡൽഹിയിൽ ശക്തമായ മഴയും പൊടിക്കാറ്റും. ഡൽഹിയിലെ മധു വിഹാർ പിഎസ് പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മതിൽ പൊടിക്കാറ്റിൽ ഇടിഞ്ഞുവീണ് ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ഇന്നലെ മുതൽ ആരംഭിച്ച പൊടിക്കാറ്റിൽ പ്രദേശത്തെ വ്യോമഗതാഗതം താറുമാറായി.
കുറഞ്ഞത് 205 വിമാനസർവീസുകൾ വൈകുകയും 50 തോളം വിമാനങ്ങൾ വഴിതിരിച്ച് വിടുകയും ചെയ്തു. ഇതോടെ ഡൽഹി വിമാനത്താവളത്തിലെ യാത്രക്കാർ അനിശ്ചിതത്വത്തിലായി. വിമാനത്താവളത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് ഡിഐഎഎൽ അറയിച്ചു.
കൂടാതെ മാണ്ഡി ഹൗസ്, ഡൽഹി ഗേറ്റ് മേഖലകളിൽ മരങ്ങൾ കടപുഴകി വീഴുകയും വാഹങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇത് വ്യാപകമായ ഗതാഗത തടസങ്ങൾക്കും കാരണമായി. ഡൽഹിയിൽ ഇന്നും ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പരമാവധി താപനില 37 ഡിഗ്രി സെൽഷ്യസായി ഉയരുമെന്നും മുന്നറിയിപ്പുണ്ട്. ഡൽഹിയിൽ ചൂട് ഉയർന്ന നിലയിൽ തുടരുകയാണ്.
ഉത്തർപ്രദേശിലെ നോയിഡ, ഗാസിയാബാദ്, ഹരിയാനയിലെ ഗുരുഗ്രാം എന്നിവിടങ്ങളിലും പൊടിക്കാറ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചില പ്രദേശങ്ങളിൽ വൈദ്യുതി തടസപ്പെട്ടു. തുറസായ സ്ഥലങ്ങളിൽ താമസിക്കുന്നത് ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.