ഡോക്ടർ വന്ദനദാസ് കൊലക്കേസിൽ വിചാരണ തുടങ്ങി; പരമാവധി ശിക്ഷ കിട്ടും വരെ നിയമ പോരാട്ടം തുടരുമെന്ന് അച്ഛൻ മോഹൻദാസ്

ഡോക്ടർ വന്ദനദാസ് കൊലക്കേസിൽ വിചാരണ ആരംഭിച്ചു. ഒന്നാം സാക്ഷിയുടെ വിസ്താരം നടന്ന ഇന്ന് പ്രതി സന്ദീപിനെ കൊല്ലം ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ നേരിട്ട് ഹാജരാക്കി.

പ്രതിക്ക് പരമാവധി ശിക്ഷ കിട്ടും വരെ നിയമ പോരാട്ടം തുടരുമെന്ന് വന്ദനയുടെ അച്ഛൻ മോഹൻദാസ് പറഞ്ഞു. പൊലീസ് വൈദ്യപരിശോനയ്ക്ക് എത്തിച്ച പ്രതിയാണ് 2023 മെയ് 10 ന് ഡോ.വന്ദനദാസിൻ്റെ ജീവനെടുത്തത്. 

അന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വന്ദനയ്ക്ക് ഒപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.മുഹമ്മദ് ഷിബിനാണ് ഒന്നാം സാക്ഷി. കേസിൽ വിചാരണ തുടങ്ങിയ ആദ്യ ദിനം ഒന്നാം സാക്ഷിയെ വിസ്തരിച്ചു. പ്രതി സന്ദീപിനെ കൊല്ലം ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ നേരിട്ട് ഹാജരാക്കി. പ്രതിയെ സാക്ഷി തിരിച്ചറിഞ്ഞു. സന്ദീപ് നടത്തിയ അതിക്രമവും മുഹമ്മദ് ഷിബിൻ കോടതിയിൽ വിവരിച്ചു. വന്ദനാദാസിനെ ആക്രമിച്ച ആയുധവും തിരിച്ചറിഞ്ഞു. 

വന്ദനയുടെ അച്ഛൻ മോഹൻദാസും ഇന്ന് കോടതിയിൽ എത്തി. മകൾക്ക് നീതി കിട്ടും വരെ പോരാടുമെന്ന് മോഹൻദാസ് പ്രതികരിച്ചു. എന്നാൽ ഒന്നാം പ്രതി കോടതിയിൽ പറഞ്ഞ കാര്യങ്ങളിലും പൊലീസിന് നൽകിയ മൊഴിയിലും പൊരുത്തക്കേടുകൾ ഉണ്ടെന്ന വാദത്തിലാണ് പ്രതിഭാഗമുള്ളത്.  

കേസ് അട്ടിമറിക്കാനുള്ള പ്രതിഭാഗത്തിൻ്റെ പതിവ് രീതിയെന്നാണ് ഇതിന് പ്രോസിക്യൂഷൻ്റെ മറുപടി. 131 സാക്ഷികൾ ഉള്ള കേസിൽ 50 പേരെയാണ് ആദ്യഘട്ടത്തിൽ വിസ്തരിക്കും. കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *