‘ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കുന്നതിൽ ഇടപെടാനില്ല’: എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകളുടെ ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ- ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി സർക്കാർ ഏറ്റെടുത്ത നടപടിയിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. ഭൂമി ഏറ്റെടുക്കലിനെതിരെ എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണിത്. ആവശ്യം ഹർജിക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനു മുന്നിൽ ഉന്നയിക്കാൻ കോടതി നിർദേശിച്ചു.

അർഹിക്കുന്ന നഷ്ടപരിഹാരം നൽകാതെയുള്ള നിയമവിരുദ്ധ ഭൂമി ഏറ്റെടുക്കലാണ് സർക്കാരിന്റേതെന്ന് ഉൾപ്പെടെ വാദമാണ് എൽസ്റ്റൺ ഉടമകൾ കോടതിയിൽ ഉന്നയിച്ചത്. ഇത് സംബന്ധിച്ച വിവിധ വിഷയങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണെന്നതും കോടതി പരിഗണിച്ചു. പൊതുതാൽപര്യമുള്ള വിഷയമാണെന്നതും കണക്കിലെടുത്തു. ഫലത്തിൽ ഭൂമിയേറ്റെടുക്കൽ നടപടിയുമായി സർക്കാരിനു മുന്നോട്ടുപോകാം.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ എൽസ്റ്റൺ എസ്റ്റേറ്റിന്റെ 78.73 ഹെക്ടർ ഭൂമിയിലാണ് സർക്കാർ ടൗൺഷിപ് നിർമാണം തുടങ്ങിയത്. ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് പുതുക്കിയ ന്യായവില പ്രകാരമുള്ള അധിക നഷ്ടപരിഹാരമായ 17.77 കോടി രൂപ കോടതിയിൽ കെട്ടിവച്ചാണ് എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന മാതൃകാ ടൗൺഷിപ്പിനുള്ള ഭൂമി സർക്കാർ ഏറ്റെടുത്തത്.

മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 26 കോടി രൂപ ഹൈക്കോടതി റജിസ്റ്റർ ജനറലിന്റെ അക്കൗണ്ടിൽ മുൻപ് കെട്ടിവച്ചിട്ടുണ്ടായിരുന്നു. ഇത് കൂടാതെയാണ് അധികതുക കെട്ടിവച്ച് ഭൂമി ഏറ്റെടുത്തത്. ഭൂമിക്ക് സർക്കാർ നിശ്ചയിച്ച വില വളരെ കുറവാണെന്നാണ് എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകുളുടെ വാദം. 1063 കോടി രൂപ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് എൽസ്റ്റൺ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *