ജാതി സെൻസസിൽ സംവരണ നയങ്ങൾ സമഗ്രമായി അവലോകനം ചെയ്യണമെന്ന് തേജസ്വി യാദവ്

വരാനിരിക്കുന്ന സെൻസസിൽ ജാതി കണക്കെടുപ്പ് ഉൾപ്പെടുത്താനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ, സാമൂഹിക സംരക്ഷണ- സംവരണ നയങ്ങൾ സമഗ്രമായി അവലോകനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി ബിഹാർ പ്രതിപക്ഷ നേതാവും ആർജെഡി നേതാവുമായ തേജസ്വി യാദവ്. ജാതി സെൻസസ് നടത്തുന്നത് രാജ്യത്തെ സാമൂഹിക- സാമ്പത്തിക നയങ്ങൾ കൂടുതൽ ഫലപ്രദമാക്കുമെന്നും സമത്വത്തിലേക്കുള്ള യാത്രയിൽ പരിവർത്തന നിമിഷമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ജാതി അധിഷ്ഠിത സെൻസസ് 1931ന് ശേഷം നടത്തിയിട്ടില്ല. 2011ലെ സാമൂഹിക- സാമ്പത്തിക ജാതി സെൻസസ് ശേഖരിച്ച ഡാറ്റ, പല കാരണങ്ങളാൽ പൂർണമായി ഉപയോഗിക്കപ്പെട്ടിട്ടുമില്ല. ഈ സാഹചര്യത്തിലാണ് തേജസ്വിയുടെ ഇടപെടൽ.

ജാതി സെൻസസ് നടത്തുന്നത് സാമൂഹിക നീതിയിലേക്കുള്ള ദീർഘയാത്രയുടെ ആദ്യപടിയാണ്. സെൻസസ് ഡാറ്റ സാമൂഹിക സംരക്ഷണത്തിന്റെയും സംവരണ നയങ്ങളുടെയും സമഗ്രമായ അവലോകനത്തിലേക്ക് നയിക്കണം. സംവരണത്തിന്റെ ഏകപക്ഷീയമായ പരിധി പുനഃപരിശോധിക്കേണ്ടിവരും. നിയോജകമണ്ഡലങ്ങളുടെ പുനർനിർമാണം സെൻസസ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതും പ്രതിഫലിപ്പിക്കുന്നതുമായിരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

മാത്രമല്ല ജനസംഖ്യയുടെ സാമൂഹിക- സാമ്പത്തിക പിന്നാക്കാവസ്ഥ കൃത്യമായി മനസിലാക്കാൻ ജാതി സെൻസസ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണത്തിന്റെ അളവ് നിശ്ചയിക്കുന്നതിനും സർക്കാർ ആനുകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്യുന്നതിനും ജാതി സെൻസസ് സഹായിക്കുമെന്നും തേജസ്വി അവകാശപ്പെട്ടു. ബിഹാറിലെ ജാതി സെൻസസ് അനുഭവം ചൂണ്ടിക്കാട്ടിയ തേജസ്വി യാദവ്, സംസ്ഥാനത്ത് 2023ൽ നടത്തിയ ജാതി സർവേയുടെ ഫലങ്ങൾ എടുത്തുകാട്ടി. ഈ സർവേ പ്രകാരം, ബിഹാറിലെ 60 ശതമാനത്തിലധികം ജനസംഖ്യ പിന്നാക്ക ജാതികളിലോ അതിപിന്നാക്ക വിഭാഗങ്ങളിലോ ഉൾപ്പെ‌ടുന്നവരാണ്. ഇത്തരം ഡാറ്റ ശേഖരിക്കുന്നത്, സംവരണ നയങ്ങൾ കൂടുതൽ ഫലപ്രദമാക്കാനും സാമൂഹിക നീതി ഉറപ്പാക്കാനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *