ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ കവർച്ച നടത്തിയ പ്രതി റിജോ ആന്റണിയെ അയൽക്കാരുൽപ്പെടെ ആരും സംശയിച്ചില്ല. കവർച്ചയെക്കുറിച്ച് അയൽവാസികളും സുഹൃത്തുക്കളും ചർച്ച ചെയ്തപ്പോൾ അതിലും റിജോ പങ്കെടുത്തിരുന്നു. ഇന്നലെ വീട്ടിൽ നടത്തിയ കുടുംബസംഗമത്തിൽ ബാങ്ക് കൊള്ള ചർച്ച ആയപ്പോൾ, ‘ അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും’ എന്നായിരുന്നു ചിരിച്ചു കൊണ്ട് റിജോയുടെ മറുപടി. നിമിഷങ്ങൾക്കകം റിജോയെ തേടി പോലീസ് എത്തി.
വീട്ടിൽ കുടുംബ സംഗമം നടക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് വീട് വളഞ്ഞ് വലയിലാക്കിയത്. ഇന്നലെ റിജോയുടെ വീട്ടിൽ വെച്ചായിരുന്നു കുടുംബ സംഗമം നടന്നത്. പള്ളിയിൽ നിന്നും അച്ചൻ വന്ന് മോഷ്ടാവ് ഈ ഭാഗത്തേക്കാണ് വന്നതെന്ന് പറഞ്ഞപ്പോൾ റിജോ “എയ് ഇവിടെ ആരും അല്ല, അതിവിടെയുള്ള കള്ളന്മാരായിരിക്കില്ലെന്നും” മറുപടിയും പറഞ്ഞു.
മുന്നൊരിക്കങ്ങൾ നടത്തിയതിനാൽ പിടിക്കപ്പെടില്ലെന്ന ധാരണയായിരുന്നു റിജോക്കുണ്ടായിരുന്നത്. പൊലീസ് വന്നപ്പോൾ അമ്പരന്നുവെന്നും ദൃക്സാക്ഷികക്ഷി പറയുന്നു. റിജോ ആന്റണിയെ ഞായറാഴ്ച രാത്രിയാണ് പൊലീസ് പിടികൂടുന്നത്. 40 ലക്ഷത്തിലധികമാണ് റിജോയ്ക്ക് കടമായി ഉണ്ടായിരുന്നത്. മോഷണത്തിന് പിന്നാലെ 2.90 ലക്ഷം ഒരാൾക്ക് കടം വീട്ടാനായി കൊടുത്തു. മോഷ്ടിച്ച പണം കൊണ്ട് മദ്യം വാങ്ങി. ബാക്കി പണം പൊട്ടിക്കൊതെ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രതി പറയുന്നുണ്ട്. ഭാര്യ കുവൈറ്റിലെ നഴ്സാണ്. അവധിക്ക് ഭാര്യ നാട്ടിലേക്ക് തിരിച്ചെത്താനായെന്നും കടം വീട്ടേണ്ടതിനാലാണ് മോഷണം നടത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു.
രണ്ടാം ശ്രമത്തിലാണ് പ്രതി ബാങ്കിൽ കയറി കവർച്ച നടത്തിയത്. കവർച്ച നടന്നതിന് നാല് ദിവസം മുമ്പായിരുന്നു പ്രതി ആദ്യ ശ്രമം നടത്തിയത്. എന്നാൽ പൊലീസ് ജീപ്പ് കണ്ടതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കവർച്ചയ്ക്ക് ശേഷവും വളരെ ആസൂത്രിതമായിരുന്നു പ്രതിയുടെ നീക്കം. പൊലീസിൻ്റെ കണ്ണുവെട്ടിക്കാനുള്ള എല്ലാ നീക്കവും പ്രതി നടത്തി. വഴിയിൽ വെച്ച് തന്നെ വസ്ത്രം മാറിയും വാഹനത്തിന് ചെറിയ മാറ്റം വരുത്തിയുമെല്ലാം അതിസമർത്ഥമായിട്ടായിരുന്നു പ്രതി ഇടവഴികളിലൂടെ സഞ്ചരിച്ചത്. എന്നാൽ മാറ്റാതിരുന്ന ഷൂവാണ് പ്രതിയിലേയ്ക്കെത്താന് പൊലീസിന് തുണയായത്. വസ്ത്രവും വാഹനത്തിലെ മാറ്റവുമെല്ലാം പൊലീസിൻ്റെ കണ്ണവെട്ടിക്കാൻ തുണയായെങ്കിലും ഷൂസിൻ്റെ അടിഭാഗത്തെ നിറം പിടിവള്ളിയാക്കിയാണ് പൊലീസ് പ്രതിയിലേയ്ക്ക് എത്തിയത്. കവർച്ചയ്ക്ക് മുമ്പോ ശേഷമോ ഫോൺ ഉപയോഗിക്കാതിരിക്കാനും പ്രതി ശ്രദ്ധിച്ചിരുന്നു.