ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു പിഞ്ചു മക്കളെയും ചുട്ടുകൊന്ന കേസിലെ കുറ്റവാളിയെ വിട്ടയച്ചതിനെതിരെ രൂക്ഷവിമർശനവുമായി ടി സിദ്ദിഖ് എംഎൽഎ രംഗത്ത്. ഒഡിഷയിൽ ആദ്യമായി ഭരണത്തിൽ വന്ന ബിജെപി പണി തുടങ്ങിയെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. കുറ്റവാളിയായ മഹേന്ദ്ര ഹേംബ്രമിനെ മാലയിട്ടാണ് ജയിൽ അധികൃതർ യാത്രയാക്കിയത്. ഗ്രഹാം സ്റ്റെയിൻസിന്റെ കൊലയാളിയുടെ മോചനത്തിന് സമരം നയിച്ച ബിജെപി നേതാവാണ് ഒഡീഷ മുഖ്യമന്ത്രിയെന്നും എംഎൽഎ വിമർശിച്ചു. 1999ൽ അറസ്റ്റിലായ മഹേന്ദ്ര ഹേംബ്രമിനെ നല്ല നടപ്പെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം ജയിലിൽ നിന്ന് വിട്ടയച്ചത്.
ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു പിഞ്ചു മക്കളെയും ചുട്ടുകൊന്ന കേസിൽ തടവുശിക്ഷയനുഭവിക്കുന്ന കുറ്റവാളി മഹേന്ദ്ര ഹെംബ്രാമിനെ ബിജെപി സർക്കാർ മോചിപ്പിച്ചു. ഒഡിഷയിൽ ആദ്യമായി അധികാരത്തിൽ വന്ന ബിജെപി തങ്ങളുടെ പണി ആരംഭിച്ചു എന്ന് തന്നെ. ഗ്രഹാം സ്റ്റെയിൻസിന്റെ കൊലയാളിയുടെ മോചനത്തിനായി സമരം നയിച്ച ബി.ജെ.പി നേതാവാണ് പുതിയ ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി.
തടവുജീവിത കാലത്തെ നല്ല പെരുമാറ്റത്തിന്റെ പേരിലാണു മോചനം. ഹാരമണിയിച്ചാണ് ഹെംബ്രാമിനെ ജയിൽ അധികൃതർ യാത്രയാക്കിയത്. കേസിലെ മുഖ്യപ്രതി രബീന്ദ്ര പാൽ സിംഗ് എന്ന ദാരാ സിംഗിന്റെ ഉറ്റ കൂട്ടാളിയാണ് ഹെംബ്രാം. സ്റ്റെയിൻസ്, മക്കളായ ഫിലിപ്പ് (10), തിമോത്തി (ആറ്) എന്നിവർ നിഷ്ഠുരമായി കൊല്ലപ്പെട്ട കേസിൽ ദാരാ സിംഗിനെയും ഹെംബ്രാമിനെയും മാത്രമാണു ശിക്ഷിച്ചത്.
1999 ജനുവരി 21 രാത്രിയാണ് സ്റ്റെയിൻസിനെയും മക്കളെയും ജീവനോടെ ചുട്ടുകൊന്നത്. കിയോഝർ ജില്ലയിലെ മനോഹർപുർ ഗ്രാമത്തിലായിരുന്നു ദേശീയ, അന്തർദേശീയ തലത്തിൽ വൻ പ്രതിഷേധമുണ്ടാക്കിയ സംഭവമുണ്ടായത്. വില്ലീസ് വാഗണിൽ കിടന്നുറങ്ങുകയായിരുന്ന മൂവരെയും തീകൊളുത്തി കൊല്ലുകയായിരുന്നു.