ഗാസയിൽ ഇസ്രായേലിന്‍റെ കൂട്ടക്കുരുതി; കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു

വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ന് പുലർച്ചെ ഗാസയിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു. ജനുവരി 19ന് വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രണമാണ് ഇസ്രായേൽ നടത്തിയിരിക്കുന്നത്. അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന സമാധാന ചർച്ച ഫലംകാണാതെ പിരിഞ്ഞതിനു പിന്നാലെയാണ് ഇസ്രായേലിന്‍റെ ഈ നടപടി. വടക്കൻ ഗാസ, ഗാസ സിറ്റി, മധ്യ- തെക്കൻ ഗാസ മുനമ്പിലെ ദെയര്‍ അൽ-ബല, ഖാൻ യൂനിസ്, റഫാ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് ആക്രമണമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു. ഉറങ്ങിക്കിടക്കുന്ന സമയത്താണ് ഇസ്രായേലിന്റെ ബോംബുകള്‍ വന്നു പതിച്ചത്.

ഇസ്രായേൽ ക്രൂരതയിൽ നൂറുകണക്കിന് സാധാരണക്കാർക്ക് പരിക്കേറ്റതായി ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസി വ്യക്തമാക്കി. ഗാസയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേൽ സൈന്യം എക്സിൽ കുറിച്ചു. ബന്ദികളെ വിട്ടയക്കണമെന്ന നിർദേശം പാലിക്കാൻ ഹമാസ് തയാറാകാത്തതിനെ തുടർന്നാണ് ആക്രമണം കടുപ്പിക്കാൻ തീരുമാനിച്ചതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിഞ്ചമിൻ നെതന്യാഹു പറഞ്ഞു.

യു.എസിന്‍റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ മുന്നോട്ടുവച്ച ഉപാധികൾ ഹമാസ് നിരസിച്ചത് ശരിയായില്ലെന്ന് അഭിപ്രായപ്പെട്ട നെതന്യാഹു, ബന്ദികളെ മുഴുവന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഇസ്രയേല്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നും ഇതിന്‍റെ പൂർണ ഉത്തരവാദിത്തം നെതന്യാഹുവിനാണെന്നും ഹമാസ് പ്രതികരിച്ചു. ബന്ദികളുടെ വിധി അനിശ്ചിതത്വത്തിലാകുന്ന സ്ഥിതിവിശേഷമാണ് ഇസ്രായേൽ സൃഷ്ടിക്കുന്നതെന്നും ഹമാസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *