കോവിഡ് കാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നടൻ സോനു സൂദിന് 72-ാമത് മിസ് വേൾഡ് ഫെസ്റ്റിവലിൽ ഹ്യുമാനിറ്റേറിയന്‍ പുരസ്കാരം നല്‍കും. മെയ് 31 ന് ഹൈദരാബാദിലെ ഹൈടെക്സ് അരീനയിലാണ് പരിപാടി നടക്കുന്നത്. സോനു സൂദിന്റെ സേവനത്തിന് പുരസ്കാരം നല്കുന്നതില് അഭിമാനമുണ്ടെന്നും ഒട്ടേറെ ആളുകള്‍ക്ക് പ്രചോദനം നല്‍കുന്നതാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും മിസ് വേള്‍ഡ് ഓര്ഗനൈസേഷന് ചെയര്‍പേഴ്സണ്‍ ജൂലിയ മോര്‍ലി വ്യക്തമാക്കി. മാത്രമല്ല മിസ് വേള്‍ഡ് ഫൈനലിലെ വിധികര്‍ത്താക്കളില്‍ ഒരാളും സോനു സൂദായിരിക്കും. ലോക്ക്ഡൗണ്‍ സമയത്ത് കുടുങ്ങിക്കിടന്ന തൊഴിലാളികള്‍ക്ക് യാത്രാസൗകര്യം ഒരുക്കിയും വൈദ്യസഹായം നല്‍കിയും സൗജന്യ വിദ്യാഭ്യാസ, തൊഴില്‍ പരിശീലന സംരംഭങ്ങള്‍ ആരംഭിച്ചും സോനു സൂദ് ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് ആളുകളെയാണ് സഹായിച്ചത്.
സൂദ് ചാരിറ്റി ഫൗണ്ടേഷനിലൂടെയാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സൂദ് ചാരിറ്റി ഫൗണ്ടേഷനിലെ ഓരോ സന്നദ്ധ പ്രവര്‍ത്തകനുമായി ഈ പുരസ്കാരം പങ്കിടുന്നുവെന്ന് സോനു സൂദ് പ്രതികരിച്ചു. 1999ൽ, തമിഴ് ഭാഷാ ചിത്രങ്ങളായ കല്ലഴഗർ, നെഞ്ചിനിലേ എന്നിവയിലൂടെയാണ് സൂദ് തന്റെ കരിയർ ആരംഭിച്ചത്. 2005ൽ പുറത്തിറങ്ങിയ സൂപ്പർ എന്ന ചിത്രത്തോടെ ടോളിവുഡിൽ അദ്ദേഹത്തിന്റെ അഭിനയത്തിന് വലിയ അംഗീകാരം ലഭിച്ചു. ജാക്വലിന് ഫെര്‍ണാണ്ടസ് നായികയായ ഫതേഹ് എന്ന ആക്ഷന്‍-ത്രില്ലറിലാണ് സോനു സൂദ് അവസാനമായി അഭിനയിച്ചത്.