ഡൽഹി ഹൈക്കോടതി വിമർശനത്തിന് പിന്നാലെ സര്‍ബത്ത് ജിഹാദ് വിദ്വേഷ പരാമർശ വീഡിയോ പിൻവലിക്കാമെന്ന് ബാബാ രാംദേവിന്റെ അഭിഭാഷകൻ അറിയിച്ചു. വീഡിയോ നീക്കം ചെയ്യുകയോ ഉചിതമായ രീതിയിൽ മാറ്റം വരുത്തുകയോ ചെയ്യാമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. മാത്രമല്ല ഭാവിയിൽ ഇത്തരം പ്രസ്താവനകൾ നടത്തില്ലെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു. രാംദേവിന്റെ വിദ്വേഷ പരാമർശ വീഡിയോ പതഞ്ജലി പ്രൊഡക്ട്സ് സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു.
ഈ മാസം ആദ്യം ബാബാ രാംദേവ് പതഞ്ജലിയുടെ റോസ് സർബത്ത് പുറത്തിറക്കിയപ്പോഴാണ് വിദ്വേഷ പരാമർശങ്ങൾ നടത്തിയത്. ‘നിങ്ങൾക്ക് സർബത്ത് നൽകുന്ന ഒരു കമ്പനിയുണ്ട്. പക്ഷേ അതിൽ നിന്ന് സമ്പാദിക്കുന്ന പണം മദ്രസകളും പള്ളികളും നിർമിക്കാൻ ഉപയോഗിക്കുന്നു. ലൗ ജിഹാദിനേയും വോട്ട് ജിഹാദിനേയും പോലെ തന്നെയാണ് സര്‍ബത്ത് ജിഹാദ്. ആളുകള്‍ അതില്‍ നിന്ന് സ്വയം രക്ഷ നേടണം’- എന്നായിരുന്നു ബാബാ രാംദേവിന്റെ പരാമർശം. പരാമർശത്തിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി, അവ ഒരിക്കലും ന്യായീകരിക്കാനാവാത്തതാണെന്നും കോടതിയുടെ മനഃസാക്ഷിയെ ഞെട്ടിക്കുന്നുവെന്നും വ്യക്തമാക്കി.