കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം; നാട്ടാന പരിപാലനച്ചട്ടം ലംഘിച്ചെന്ന് റവന്യൂ വകുപ്പ്

കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ കണ്ടെത്തലുകളുമായി വനം-റവന്യൂ വകുപ്പുകൾ. ആന ഇടയാൻ കാരണം പടക്കമല്ലെന്നും പിന്നിൽ വരികയായിരുന്ന ഗോകുൽ മുന്നിൽ കയറിയതാണ് പീതാംബരനെ പ്രകോപിപ്പിച്ചതെന്നുമാണ് വനംവകുപ്പിന്‍റെ ഭാ​ഗത്തുനിന്നുള്ള കണ്ടെത്തൽ. അതേസമയം ആനകളുടെ തൊട്ടടുത്ത് പടക്കം പൊട്ടിക്കരുത് എന്ന നാട്ടാന പരിപാലന ചട്ടത്തിലെ നിർദ്ദേശം ലംഘിക്കപ്പെട്ടതായി റവന്യൂ വകുപ്പും പറയുന്നു. ഇരുറിപ്പോർട്ടുകളും മന്ത്രി എ കെ ശശീന്ദ്രന് കൈമാറും.

മൂന്ന് പേരുടെ ജീവനെടുക്കുകയും 32 പേർക്ക് പരിഗണിക്കുകയും ചെയ്ത കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ അപകടത്തിൽ ലഭ്യമായ ദൃശ്യങ്ങൾ അത്രയും പരിശോധിച്ച ശേഷമാണ് വനംവകുപ്പ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയത്. പാപ്പാന്മാരുടെ മൊഴികളിലും മറ്റും പടക്കം പൊട്ടിയതാണ് പ്രകോപന കാരണം എന്ന് പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം അതല്ലന്നാണ് വനംവകുപ്പിന്‍റെ കണ്ടെത്തല്‍. തിടമ്പേറ്റി എഴുന്നള്ളി മുന്നിൽ വരികയായിരുന്ന പീതാംബരനെ മറികടന്ന് ഗോകുൽ പോകാൻ ശ്രമിച്ചതാണ് രണ്ട് ആനകളും തമ്മിൽ സംഘർഷം ഉണ്ടാകാൻ കാരണം. ഗോകുലനെ പീതാംബരൻ ആക്രമിച്ചതോടെ ഗോകുൽ ക്ഷേത്ര കമ്മിറ്റി ഓഫീസിലേക്ക് കയറി. ഇതോടെ ഓഫീസ് നിലം പൊത്തി. ഇതാണ് ആളുകളുടെ മരണത്തിലേക്ക് നയിച്ചത്.

മാത്രമല്ല ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള രണ്ട് ആനകളുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ രേഖകൾ എല്ലാം കൃത്യം ആയിരുന്നു എന്നും വനംവകുപ്പ് പറയുന്നു. അതേസമയം, നാട്ടാന പരിപാലന ചട്ടത്തിന്‍റെ ലംഘനം ഉണ്ടായെന്നാണ് റവന്യൂ വകുപ്പ് അന്വേഷണത്തിലെ കണ്ടെത്തല്‍. ആനയുടെ തൊട്ടടുത്ത് പടക്കം പൊട്ടിക്കരുത് എന്ന് ചട്ടം പറയുന്നുണ്ട്. ഈ നിർദ്ദേശം ലംഘിക്കപ്പെട്ടതി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. രണ്ട് വകുപ്പുകളും തയ്യാറാക്കിയ റിപ്പോർട്ട് മന്ത്രി എ കെ ശശീന്ദ്രന് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *