കൈക്കൂലിക്കേസിൽ പിടിയിലായ അലക്സ് മാത്യു പരാതിക്കാരനോട് ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ

ഇന്ത്യൻ ഓയിൽ കോർപറേഷൻ എറണാകുളം ഓഫിസിലെ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യു കഴിഞ്ഞ ദിവസമാണ് കൈക്കൂലിക്കേസിൽ പിടിയിലായത്. പരാതിക്കാരനോട് ഇയ്യാൾ ആവശ്യപ്പെട്ടത് 10 ലക്ഷം രൂപയാണെന്നാണ് വിവരം. കൊച്ചിയിലെ ഓഫിസിലുള്ള അലക്സ് മാത്യു തിരുവനന്തപുരത്തെ പരാതിക്കാരന്‍റെ വീട്ടിലെത്തി പണം വാങ്ങിക്കോളാമെന്നും അറിയിച്ചു. പണത്തോട് ഇത്ര ആക്രാന്തമുള്ള മനുഷ്യനെ കണ്ടിട്ടില്ലെന്നാണ് തിരുവനന്തപുരം കുറവൻകോണത്ത് താമസിക്കുന്ന പരാതിക്കാരൻ പറഞ്ഞത്. ശനിയാഴ്ച രാത്രി 7.30ഓടെ കുറവൻകോണത്തെ പരാതിക്കാരന്‍റെ വീട്ടിലെത്തി കൈക്കൂലി വാങ്ങു​മ്പോഴായിരുന്നു സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്​ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം അലക്സ് മാത്യുവിനെ അറസ്റ്റ്​ ചെയ്തത്​.

കൊല്ലം കടയ്ക്കലില്‍ വൃന്ദാവന്‍ ഏജന്‍സീസ് എന്ന പേരില്‍ ഇന്ത്യൻ ഓയിൽ ഗ്യാസ് ഏജന്‍സി പരാതിക്കാരന്‍റെ ഭാര്യയുടെ പേരിലുണ്ട്. ഈ ഭാഗത്ത്​ മറ്റ് മൂന്ന് ഏജൻസികൾ കൂടി ഐ.ഒ.സിക്കുണ്ട്. രണ്ട് മാസം മുമ്പ്​ അലക്സ് മാത്യു പരാതിക്കാരനെ ഫോണിൽ വിളിച്ച്​ കൊച്ചിയിലെ തന്‍റെ വീട്ടിൽ വന്ന്​ കാണാൻ ആവശ്യ​പ്പെട്ടു. ഇതുപ്രകാരം കൊച്ചിയിലെത്തിയ പരാതിക്കാര​നോട്​ ഭാര്യയുടെ പേരിലെ ഗ്യാസ് ഏജൻസിയിൽനിന്ന്​ ഉപഭോക്​താക്കളെ അടുത്തുള്ള മറ്റ്​ ഏജൻസികളിലേക്ക്​ മാറ്റാതിരിക്കാൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു.

പരാതിക്കാരൻ തുക നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞ്​ മടങ്ങി. ഇതിന്​ പിന്നാലെ പരാതിക്കാരന്റെ ഭാര്യയുടെ പേരിലെ ഗ്യാസ് ഏജൻസിയിൽനിന്ന്​ 1200ഓളം കണക്ഷൻ അലക്സ് മാത്യു മാറ്റി അടുത്തുള്ള ഏജൻസിക്ക് നൽകി. തുടർന്ന് മാർച്ച്​ 15ന്​ രാവിലെ അലക്സ് മാത്യു പരാതിക്കാരന്റെ ഫോണിൽ വിളിച്ച്​ താൻ തിരുവനന്തപുരത്ത് ഉണ്ടാകുമെന്നും പറഞ്ഞ തുക അവിടെവെച്ച്​ നൽകി​യില്ലെങ്കിൽ കൂടുതൽ ഉപഭോക്​താക്കളെ മറ്റ്​ ഏജൻസികളിലേക്ക്​ മാറ്റുമെന്നും ഭീഷണിപ്പെടുത്തി. പരാതിക്കാരൻ വിവരം പൂജപ്പുരയിലെ വിജിലൻസ്​ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് -1 പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *