കാരണവർ വധക്കേസ് പ്രതി ഷെറിന് ജയിൽ ഡിഐജി പ്രദീപുമായി അടുത്ത ബന്ധമെന്ന് സഹതടവുകാരിയുടെ വെളിപ്പെടുത്തൽ. മറ്റൊരു തടവുകാർക്കും ഇല്ലാത്ത സ്വാതന്ത്ര്യം ഷെറിന് ജയിലിൽ ലഭിച്ചിരുന്നു. മന്ത്രി ഗണേഷ് കുമാറുമായും അടുത്ത ബന്ധമെന്ന് ഷെറിൻ പറഞ്ഞിരുന്നുവെന്നും സഹതടവുമകാരി സുനിത വെളിപ്പെടുത്തി.
ലോക്കപ്പ് പൂട്ടിയ ശേഷവും ഷെറിൻ വൈകുന്നേരങ്ങളിൽ പുറത്തേക്ക് പോകുമെന്നും സുനിത പറഞ്ഞു. മറ്റ് തടവുകാർ ജയിലിൽ ക്യു നിന്ന് ഭക്ഷണം വാങ്ങുമ്പോൾ, ഷെറിന് ആവശ്യപ്പെടുന്ന ഭക്ഷണം എത്തിച്ച് കൊടുക്കുമായിരുന്നു. ബെഡ്ഷീറ്റ്, കിടക്ക, തലയണ തുടങ്ങിയ സൗകര്യങ്ങൾ ലഭിച്ചിരുന്നു.മേക്കപ്പ് സാധനങ്ങളും ഫോണും ജയിലിൽ അനുവദിച്ചു. ജയിലിൽ തടവുകാർക്ക് നൽകുന്ന വസ്ത്രം അല്ലാതെ വീട്ടിൽ നിന്ന് തയ്പ്പിച്ച് കൊണ്ട് വന്ന വസ്ത്രമാണ് ഷെറിൻ ധരിച്ചിരുന്നതെന്നും സഹതടവുകാരി വെളിപ്പെടുത്തി.
ഷെറിനെ കാണാനായി ജയിൽ ഡിഐജി പ്രദീപ് സ്ഥിരമായി ജയിലിൽ വരാറുണ്ടായിരുന്നു. 6 മണി കഴിഞ്ഞ് ലോക്കപ്പ് പൂട്ടിയ ശേഷമാവും സന്ദർശനങ്ങൾ. എന്നാൽ ഷെറിൻ അപ്പോൾ ലോക്കപ്പിന് പുറത്തേക്ക് പോകും. തിരിച്ചു എത്തിയിരുന്നത് ഒന്നരയും രണ്ടും മണിക്കൂറിന് ശേഷമാണ്. പല തവണ ഷെറിന്റെ പെരുമാറ്റങ്ങളുമായി ബന്ധപ്പെട്ട് ജയിലിൽ പരാതി ഉയർന്നെങ്കിലും നടപടി ഉണ്ടായില്ല. ഇടയ്ക്കിടെ പരോൾ അനുവദിച്ചിരുന്നു. കുറച്ച് നാൾ വീട്ടിൽ, കുറച്ച് നാൾ ജയിലിൽ എന്ന പോലെയാണ് ഷെറിൻ ജീവിച്ചിരുന്നത്. മന്ത്രി ഗണേഷ് കുമാറുമായി അടുത്ത ബന്ധമുണ്ടെന്ന് ഷെറിൻ പറയാറുണ്ട്, ഗണേഷേട്ടൻ ഗണേഷേട്ടൻ എന്നാണ് മന്ത്രി ഗണേഷ് കുമാറിനെ വിളിക്കാറെന്നും സുനിത വെളിപ്പെടുത്തി.
2015ൽ ഷെറിൻ്റെ സുഖവാസത്തിന് എതിരെ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. അന്നത്തെ ജയിൽ ഉദ്യോഗസ്ഥർ ഷെറിനെ സംരക്ഷിച്ചു. ഷെറിനെതിരെ പരാതി നൽകിയതിൻ്റെ പേരിൽ ഭീഷണിയുണ്ടെന്നും സുനിത പറയുന്നു.