കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവം; പ്രശ്‌നബാധിത പ്രദേശമല്ല: ഉത്തരമേഖല സിസിഎഫിനോട് റിപ്പോര്‍ട്ട്‌ തേടിയിട്ടുണ്ടെന്ന് വനംമന്ത്രി

കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി വനംമന്ത്രി എ.കെ ശശീന്ദ്രന്‍. പ്രശ്‌നബാധിത പ്രദേശത്തല്ല സംഭവം നടന്നതെന്നും വന്യജീവി ശല്യമില്ലാത്ത സ്ഥലത്തുവെച്ചാണ് കര്‍ഷകന് പന്നിയുടെ കുത്തേറ്റതെന്നും മന്ത്രി പറഞ്ഞു. വനംവകുപ്പിന്റെ ഹോട്ട്‌സ്‌പോട്ടില്‍ പെട്ട സ്ഥലമല്ലെന്നും ഉത്തരമേഖല സി.സി.എഫിനോട് റിപ്പോര്‍ട്ട്‌ തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കണ്ണൂര്‍ പാനൂര്‍ വള്ള്യായി സ്വദേശി ശ്രീധരനാണ്‌ (70) കാട്ടുപന്നിയുടെ കുത്തേറ്റ് ഞായറാഴ്ച മരണപ്പെട്ടത്. രാവിലെ സ്വന്തം കൃഷിയിടത്തില്‍ നനച്ചുകൊണ്ടിരിക്കെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടാകുന്നത്. ദേഹത്താകമാനം മുറിവേറ്റതിനെ തുടര്‍ന്ന് ശ്രീധരനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം തലശ്ശേരി ഇന്ധിരഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കഴിഞ്ഞ അറുപത് ദിവസത്തിനിടെ മരണപ്പെടുന്ന പതിനഞ്ചാമത്തെയാളാണ് ശ്രീധരന്‍. സ്വന്തം കൃഷിയിടത്തില്‍ വെച്ചാണ് പന്നിയുടെ കുത്തേറ്റത്. രക്തം വാര്‍ന്ന് മരണപ്പെടുകയായിരുന്നു.

ഉയര്‍ന്ന ജനസാന്ദ്രതയുള്ള മേഖലയാണ് പാനൂര്‍. വ്യവസായ സ്ഥാപനങ്ങളും കൃഷിയിടങ്ങളുമുള്ള സ്ഥലത്താണ് ഇപ്പോള്‍ വന്യജീവിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇവിടെ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *