കരുവന്നൂര്‍, കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ പി പി കിരൺ, സതീഷ് കുമാർ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കൂടാതെ കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ അഖിൽ ജിത്തിനും ജാമ്യം ലഭിച്ചു. 1.5 വർഷമായി വിചാരണ ഇല്ലാതെ ഇവർ റിമാൻഡിലായിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ 300 കോടിയുടെ ക്രമക്കേട് നടന്നെന്നായിരുന്നു ആദ്യനിഗമനം. വിശദ പരിശോധനക്ക് ഉന്നതതല കമ്മിറ്റിയെയും നിയോഗിച്ചു. തുടർന്ന് 219 കോടിയുടെ ക്രമക്കേടുണ്ടായെന്ന് കണ്ടെത്തി. 2011-12 മുതൽ തട്ടിപ്പ് നടന്നെന്നാണ് പരാതി. വ്യാജരേഖകൾ ചമച്ചും മൂല്യം ഉയർത്തിക്കാണിച്ചും ക്രമരഹിതമായി വായ്പ അനുവദിച്ചും ചിട്ടി, ബാങ്കിന്റെ സൂപ്പർമാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങൽ എന്നിവയിൽ ക്രമക്കേട് കാണിച്ചും വിവിധ തലങ്ങളിലായിരുന്നു തട്ടിപ്പ് നടന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 55 പ്രതികളെ ഉള്‍പ്പെടുത്തിയാണ് ഇഡിയുടെ ആദ്യഘട്ട കുറ്റപത്രം വന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സ്വകാര്യ പണമിടപാടുകാരൻ പി സതീഷ് കുമാർ, ഇടനിലക്കാരൻ പി പി കിരൺ, വടക്കാഞ്ചേരി നഗരസഭാംഗമായ സിപിഎം ലോക്കൽ കമ്മിറ്റിയംഗം പി ആർ അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്‍റെ സി കെ ജിൽസ് എന്നിവർക്കെതിരായിരുന്നു ആദ്യ കുറ്റപത്രം. തട്ടിപ്പിന്‍റെ പിന്നിലെ സൂത്രധാരർ ഇവരാണെന്നും ബാങ്ക് ഭരണസമിതിയുടേയും രാഷ്ടീയ നേതൃത്വത്തിന്‍റെയും അറിവോടെ 180 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നും ഇ ഡി കണ്ടെത്തി. കേസ് അന്വേഷണത്തിനിടെ 87.75 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടുകയും ചെയ്തു.
കണ്ടല ബാങ്കിൽ നിന്ന് കോടികൾ എവിടേക്ക് പോയെന്ന അന്വേഷണത്തിലാണ് മുൻ പ്രസിഡന്‍റ് എൻ ബാസുരാംഗനും കുടുംബവും കരുവന്നൂർ മാതൃകയിൽ നടത്തിയ വഴിവിട്ട ഇടപെടലിന്‍റെ വിവരം ഇഡിയ്ക്ക് ലഭിച്ചത്. ഭാസുരാംഗന് ബാങ്കിൽ നിന്ന് ലോൺ തട്ടാൻ ബെനാമി അക്കൗണ്ടുകളുണ്ടായിരുന്നു. ശ്രീജിത്, അജിത് എന്നീ പേരിലുള്ളത് ബെനാമി അക്കൗണ്ടുകളിലൂടെയാണ് ഇയ്യാൾ പണം തട്ടിയത്. കണ്ടല ബാങ്കില്‍ മൂന്ന് കോടി 22 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. എൻ ഭാസുരാംഗൻ ബെനാമി പേരിൽ 51 കോടി രൂപ വായ്പ തട്ടിയെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.