കക്കയം ജലവൈദ്യുതപദ്ധതിയുടെ പെൻസ്റ്റോക്കിൽ ലീക്കേജ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുരക്ഷ മുൻനിർത്തി ഇന്ന് രാവിലെ മുതൽ വൈദ്യുതോത്പാദനം നിർത്തി. ഉൽപ്പാദനത്തിൽ 150 മെഗാവാട്ടിൻ്റെ കുറവാണ് ആകെ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ന് മുതൽ ശനിയാഴ്ച വരെ വടക്കൻ ജില്ലകളിൽ ചില ഭാഗങ്ങളിൽ അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. നാളെ വൈകീട്ടോടെ തകരാർ പരിഹരിച്ച് വൈദ്യുതോത്പാദനം പുന:സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. കൂടുതൽ വൈദ്യുതി പുറത്തുനിന്നെത്തിച്ച് നിയന്ത്രണം ഒഴിവാക്കാനും ശ്രമിക്കുകയാണ്. വൈദ്യുതി ആവശ്യകത കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണം ഒഴിവാക്കാനാകും. അതിനാൽ വൈകീട്ട് ആറ് മണിക്കുശേഷമുള്ള പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർഥിച്ചു.
കക്കയം ജലവൈദ്യുതപദ്ധതിയുടെ പെൻസ്റ്റോക്കിൽ ലീക്കേജ്; വടക്കൻ ജില്ലകളിൽ രണ്ടുദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
