സിന്ദൂർ സൈനിക നടപടിക്ക് പിന്നാലെ ഉത്തർപ്രദേശിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാന പോലീസിന്റെ എല്ലാ ഫീൽഡ് യൂണിറ്റുകളോടും സുരക്ഷ സേനകളുമായി ഏകോപനം നടത്താൻ നിർദേശിച്ചതായി യു.പി ഡി.ജി.പി പ്രശാന്ത് കുമാർ അറിയിച്ചു. പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷ വർധിപ്പിക്കാൻ നിർദേശമുണ്ട്. സംസ്ഥാനത്തെ ഓരോ പൗരന്റെയും സുരക്ഷ ഉറപ്പാക്കാൻ പൂർണ സജ്ജമാണ്. യു.പി പൊലീസ് ജാഗ്രതയോടെയിരിക്കുകയാണെന്നും പ്രശാന്ത് കുമാർ എക്സിൽ കുറിച്ചു.
പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് കരസേന തകർത്തത്. നാല് ജയ്ശെ മുഹമ്മദ്, മൂന്ന് ലശ്കറെ ത്വയ്യിബ, രണ്ട് ഹിസ്ബുൽ മുജാഹിദീൻ കേന്ദ്രങ്ങളാണ് സൈന്യം തകർത്തത്. പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി. പഹൽഗാമിൽ കഴിഞ്ഞമാസം 22ന് വിനോദ സഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടിനൽകാൻ സൈന്യത്തിന് സർക്കാർ പൂർണ അധികാരം നൽകിയിരുന്നു. തിരിച്ചടിയുടെ സമയവും സ്ഥലവും സൈന്യത്തിന് തീരുമാനിക്കാമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.