പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യൻ സേന നടത്തിയ ആക്രമണത്തെ പിന്തുണക്കുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ്. തീവ്രവാദം ഗുരുതരമായ ഭീഷണിയാണെന്നും മനുഷ്യരാശിക്കെതിരായ ഹീനമായ കുറ്റകൃത്യമാണെന്നും ദേശീയ അധ്യക്ഷൻ സയ്യിദ് സദാത്തുല്ല ഹുസൈനി വാർത്താകുറിപ്പിൽ വ്യക്തമാക്കി. രാജ്യത്തെ സായുധസേനയും സുരക്ഷാ ഏജൻസികളും സ്വീകരിച്ച നടപടികൾക്ക് എല്ലാ മതങ്ങളിലും സമൂഹങ്ങളിലും ഉൾപ്പെട്ടവരിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങൾ നമ്മുടെ സേനക്കൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുന്നു. സമൂഹത്തെ ഭിന്നിപ്പിക്കാൻ ഒരു ദേശീയ സുരക്ഷാ പ്രശ്‌നത്തെ ഉപയോഗിക്കുന്നത് ദേശീയ താൽപര്യത്തിന് വിരുദ്ധമാണ്. അതിനോട് ശക്തമായി വിയോജിക്കണം
രാജ്യത്തിന്റെ ഐക്യം ഉയർത്തിപ്പിടിക്കാനും സാമുദായിക ഐക്യം പ്രോത്സാഹിപ്പിക്കാനും ഉത്തരവാദിത്തമുള്ള പൗരന്മാരായി നിലകൊള്ളാനും മുഴുവൻ രാഷ്ട്രീയ, സാമൂഹിക, മത വിഭാഗങ്ങളോടും അധ്യക്ഷൻ അഭ്യർഥിച്ചു. പരസ്പര ബഹുമാനത്തിനും ലക്ഷ്യത്തിനും വേണ്ടി പൗരന്മാർ ഒന്നിക്കണമെന്നും ഹുസൈനി ആഹ്വാനം ചെയ്തു.