പാകിസ്ഥാനെതിരായ കനത്ത വ്യോമാക്രമണത്തിന് പിന്നാലെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിമാന യാത്രികര്‍ക്ക് പ്രത്യേക അറിയിപ്പുമായി ഇന്‍ഡിഗോ കമ്പനി. മെയ് 10-ാം തിയതി വരെ രാജ്യത്തെ 11 ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്‍ഡിഗോ ഒഴിവാക്കി. ശ്രീനഗര്‍, ജമ്മു, അമൃത്‌സര്‍, ലേ, ചണ്ഡിഗഢ്, ധരംശാല, ബിക്കാനര്‍, ജോധ്‌പൂര്‍, ഗ്വാളിയോര്‍, കൃഷ്‌ണഗഢ്, രാജ്‌കോട്ട് എന്നീ വിമാനത്താവളങ്ങളിലേക്കും, അവിടെ നിന്നുമുള്ള വിമാന സര്‍വീസുകളാണ് ഇന്‍ഡിഗോ കമ്പനി റദ്ദാക്കിയത്. മെയ് 10-ാം തിയതി ഇന്ത്യന്‍ സമയം രാവിലെ 5.29 വരെ ഈ നിയന്ത്രണം തുടരുമെന്ന് ഇന്‍ഡിഗോ എക്‌സ് പോസ്റ്റില്‍ അറിയിച്ചു.
മറ്റ് വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങള്‍ വരുമോ എന്ന കാര്യം കമ്പനി തുടര്‍ മണിക്കൂറുകളില്‍ അറിയിക്കും. വ്യോമ മേഖലയിലെ നിയന്ത്രണങ്ങളും സുരക്ഷയും ഇന്‍ഡിഗോ നിരീക്ഷിച്ചുവരികയാണ്. യാത്രക്കായി വിമാനത്താവളങ്ങളിലേക്ക് പുറപ്പെടും മുമ്പ് വിമാനങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ഇന്‍ഡിഗോ യാത്രക്കാരോട് നിര്‍ദേശിച്ചു. ഈ പ്രതികൂല സാഹചര്യത്തില്‍ യാത്രക്കാര്‍ കാണിക്കുന്ന സഹകരണത്തിന് ഇന്‍ഡിഗോ നന്ദിയും എക്‌സില്‍ രേഖപ്പെടുത്തി.
പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി 9 പാക് ഭീകരകേന്ദ്രങ്ങള്‍ ഇന്ന് പുലര്‍ച്ച ഇന്ത്യന്‍ സൈന്യം ആക്രമിച്ചതിന് പിന്നാലെയാണ് വ്യോമഗതാഗതത്തിന് ഏവിയേഷന്‍ മന്ത്രാലയം രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. വടക്കേ ഇന്ത്യയിലെ പല വിമാനത്താവളങ്ങളും അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് രാവിലെ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. വ്യോമയാന മന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ക്ക് പിന്നാലെ എയര്‍ ഇന്ത്യയും സ്പൈസ് ജെറ്റും റദ്ദാക്കിയ വിമാന സര്‍വീസുകളെ കുറിച്ച് അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.