എറണാകുളം എടവനക്കാട് ഭാര്യയെ കൊന്ന് മൃതദേഹം കുഴിച്ചിട്ട കേസിലെ പ്രതി സജീവനെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കുടുംബ വഴക്കിനിടെ തനിച്ചാണ് ഭാര്യ രമ്യയെ കൊലപെടുത്തിയതെന്നും കഴുത്തു മുറുക്കാൻ ഉപയോഗിച്ച കയർ കത്തിച്ചു കളഞ്ഞെന്നും സജീവൻ പോലീസിനോട് പറഞ്ഞു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സജീവനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
വീടിന്റെ ടെറസിന്റെ മുകളില്‍ വച്ച് ഭാര്യ രമ്യയെ കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയതെങ്ങനെയാണെന്ന് സജീവൻ പോലീസിന് കാണിച്ചു കൊടുത്തു. കൊലപാതകത്തിന് ശേഷം മൃതദേഹം പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടി വെക്കുകയും കയര്‍ കത്തിച്ചു കളയുകയും ചെയ്തു. പിന്നീട് രാത്രി വീട്ടുമുറ്റത്ത് കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു. 2021 ഓക്ടോബര്‍ 16 ന് രമ്യയുമായി വഴക്കുണ്ടായതിനു പിന്നാലെയായിരുന്നു കൊലപാതകം.