എമ്പുരാനിൽ കടുംവെട്ട്; 24 ഇടത്ത് റീഎഡിറ്റിങ്

വിവാദങ്ങൾക്കു പിന്നാലെ എമ്പുരാൻ സിനിമയിലെ റീഎഡിറ്റഡ് വേർഷനിൽ വെട്ടിയത് 24 ഭാഗങ്ങൾ എന്ന് റിപ്പോർട്ട്. സ്ത്രീകൾക്കെതിരായ അതിക്രമ രംഗങ്ങൾ പൂർണമായും നീക്കി. കൂടാതെ മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന രംഗം നീക്കി. വില്ലന്‍റെ പേരുമാറ്റി, നന്ദി കാർഡിൽനിന്ന് സുരേഷ് ഗോപിയുടെ പേര് നീക്കി. ഇത്തരത്തിൽ റീഎഡിറ്റഡ് വേർഷൻ ബുധനാഴ്ചയാകും പ്രദർശനത്തിനെത്തുക.

സെൻസർ രേഖയിലാണ് മാറ്റം വരുത്തിയ രംഗങ്ങളുടെ വിവരങ്ങൾ നൽകിയിട്ടുള്ളത്. നേരത്തെ 17 ഇടത്ത് മാറ്റം വരുത്തുമെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാൽ 24 ഇടത്ത് മാറ്റം വരുത്തിയതായി രേഖകളിൽ വ്യക്തമാക്കുന്നു. സംഘപരിവാർ സംഘടനകൾ വിമർശനമുന്നയിച്ച ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സീനുകളിലാണ് മാറ്റം വരുത്തിയതിലേറെയും. വില്ലൻ കഥാപാത്രത്തിന്‍റെ പേര് ബജ്റംഗി എന്നത് മാറ്റി ബൽദേവ് എന്നാക്കി മാറ്റി.

സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നതുമായ രംഗങ്ങൾ ഒഴിവാക്കി. എൻ.ഐ.എ വരുന്നതായി കാണിക്കുന്ന രംഗം മ്യൂട്ട് ചെയ്തു. ടൈറ്റിൽ കാർഡിൽനിന്ന് സുരേഷ് ഗോപിക്ക് പുറമെ ഐ.ആർ.എസ് ഉദ്യോഗസ്ഥനായ ജ്യോതിസ് മോഹന്‍റെ പേരും നീക്കം ചെയ്തിട്ടുണ്ട്. വിവാദത്തിനു പിന്നാലെ സുരേഷ് ഗോപിയുടെ നിർദേശ പ്രകാരമാണ് പേര് നീക്കിയതെന്നാണ് പുറത്തു വരുന്ന വിവരം.

ഞായറാഴ്ചയാണ് എമ്പുരാൻ സിനിമ റീഎഡിറ്റിങ് പൂർത്തിയാക്കിയത്. അവധി ദിവസത്തിൽ രാത്രി റീജനൽ സെൻസർ മാനേജരുടെ മേൽനോട്ടത്തിലാണ് എഡിറ്റിങ് നടത്തിയത്. പല ഭാഗത്തും ഡബ്ബിങ് ഉൾപ്പെടെ പുതുതായി ചെയ്യേണ്ടി വന്നതിനാൽ പുതിയ വേർഷൻ മുൻ നിശ്ചയിച്ചതു പ്രകാരം ചൊവ്വാഴ്ച തിയേറ്ററുകളിൽ എത്തില്ല. രണ്ടാം ഭാഗത്തിന്‍റെ കൂടി എഡിറ്റിങ് പൂർത്തിയാക്കി ബുധനാഴ്ചയാകും എമ്പുരാൻ തിയേറ്ററുകളിൽ എത്തുക.

Leave a Reply

Your email address will not be published. Required fields are marked *