എംപുരാൻ; രാജ്യസഭയിലും ലോക്സഭയിലും അടിയന്തര പ്രമേയ നോട്ടീസ്

എംപുരാൻ വിഷയത്തിൽ രാജ്യസഭയിലും ലോക്സഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ്. രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എം.പിയും ലോക്സഭയിൽ ഹൈബി ഈഡനുമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. രാജ്യത്ത് ആവിഷ്കാര സ്വാതന്ത്ര്യം അടിച്ചമർത്തുന്നുവെന്നും മൗലികാവകാശ ലംഘനമാണ് നടക്കുന്നതെന്നും ഡോ. ജോൺ ബ്രിട്ടാസ് എം.പി നോട്ടീസിൽ ചൂണ്ടിക്കാട്ടി. വിഷയം ചട്ടം 267 പ്രകാരം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ജോൺ ബ്രിട്ടാസ് അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടു.

എമ്പുരാനെതിരെ സംഘ്പരിവാർ വിദ്വേഷ പ്രചാരണം നടത്തുകയാണെന്നും രാജ്യത്ത് ജനങ്ങൾ എന്ത് കാണണമെന്ന് തങ്ങൾ നിശ്ചയിക്കുമെന്ന നിലപാടാണ് അവരുടേതെന്നും ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി. ഗുജറാത്ത് കലാപത്തിന്‍റെ യാഥാർഥ്യവും കേരളത്തെ വിഭാഗീയതയുണ്ടാക്കി അധികാരം പിടിക്കാനുള്ള സംഘപരിവാറിന്‍റെ അജണ്ടയുമാണ് സിനിമയിൽ തുറന്നുകാട്ടുന്നത്. ആവിഷ്കാര സ്വാതന്ത്രത്തിനെതിരായ ബി.ജെ.പി-സംഘ്പരിവാർ നീക്കത്തെ അനുവദിച്ചുകൊടുക്കാനാവില്ലെന്നും ഹൈബി ഈഡൻ പറഞ്ഞു.

നേരത്തെ, എമ്പുരാൻ സിനിമക്കെതിരെ സംഘ്പരിവാർ വിദ്വേഷപ്രചാരണം തുടരുമ്പോൾ സിനിമക്ക് ജോൺ ബ്രിട്ടാസ് എം.പി പിന്തുണയുമായെത്തിയിരുന്നു. സമഗ്രാധികാരം കൈവശമുള്ള ഒരു പ്രത്യയശാസ്ത്രവും ഭരണസംവിധാനവും ഒരു സിനിമയ്‌ക്കെതിരെ സട കുടഞ്ഞെഴുന്നേൽക്കുമ്പോൾ അതിന്റെ മാനം വലുതാണെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *