സംസ്ഥാനത്തെ വേനൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണമെന്നും വകുപ്പുകൾ ഏകോപിതമായ പ്രവർത്തനങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉഷ്ണ തരംഗ സാധ്യത തുടരുന്ന സാഹചര്യം, മഴക്കാല പൂർവ ശുചീകരണം, ആരോഗ്യ ജാഗ്രത പകർച്ചവ്യാധി പ്രതിരോധ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
വേനൽമഴ ലഭിക്കുന്നതിനാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വൈകിട്ടത്തെ ചൂടിൽ കുറവ് അനുഭവപ്പെടുമെങ്കിലും ജാഗ്രതയിൽ കുറവുണ്ടാകാൻ പാടില്ല. ഇതിനായി ഉഷ്ണതരംഗത്തെ മറികടക്കാൻ കഴിയുന്ന നിർദ്ദേശങ്ങളും ജാഗ്രതാ സന്ദേശങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ നടപ്പിലാക്കണം. പൊതുസ്ഥലങ്ങളിൽ ശുദ്ധമായ കുടിവെള്ളം ഉറപ്പ് വരുത്തും. ഇതിനായി വിവിധ സംഘടനകളും സ്ഥാപനങ്ങളുമായി സഹകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തണ്ണീർ പന്തലുകൾ വ്യാപകമാക്കണം. ഓട്ടോ, ടാക്സി ഡ്രൈവർമാർ, ഓൺലൈൻ ഭക്ഷണ വിതരണ തൊഴിലാളികൾ, ഹോട്ടലുകളുടെ മുന്നിൽ സെക്യൂരിറ്റിയായി നിൽക്കുന്നവർ എന്നിവർക്കും വിശ്രമകേന്ദ്രങ്ങളും ശുദ്ധമായ കുടിവെള്ളവും ഉറപ്പുവരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് പുതുക്കിയ സമയക്രമ ഉറപ്പുവരുത്തുന്നതോടൊപ്പം ആവശ്യമായ വിശ്രമവും കുടിവെള്ളവും ലഭ്യമാക്കേണ്ടതുമാണ്. ടൂറിസ്റ്റുകൾക്കിടയിൽ ഉഷ്ണതരംഗ ജാഗ്രതാനിർദേശങ്ങൾ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉഷ്ണ തരംഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് താലൂക്ക്തല ആശുപത്രികളിൽ ചികിത്സാ സൗകര്യം നിലവിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ പ്രാഥമിക ശുശ്രൂഷ നൽകുന്നതിനുള്ള നടപടികളും സ്വീകരിക്കും. തീപിടുത്ത സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി മനസ്സിലാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കും. ജലക്ഷാമം മുൻകൂട്ടി മനസ്സിലാക്കി പ്രാദേശിക തലത്തിൽ അതിനാവശ്യമായ നടപടികൾ സ്വീകരിക്കണം. ജലസംഭംരണികൾ ശുചീകരിച്ചും പരമാവധി വേനൽ മഴയിലൂടെയുള്ള ജലം സംഭരിച്ചും നിലവിലെ പ്രതിസന്ധികളെ ഇല്ലാതാക്കണമെന്നും മുഖ്യമന്ത്രി വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് ചൂടിൽ നിന്നാവശ്യമായ സംരംക്ഷണം നൽകുന്നത് പോലെ അലഞ്ഞു തിരിയുന്ന മൃഗങ്ങളുടെ കാര്യത്തിലും ശ്രദ്ധ ഉണ്ടാകണമെന്നതിനാൽ ഇവയ്ക്കാവശ്യമായ ശുദ്ധജലമടക്കം ഉറപ്പ് വരുത്തണം. വനം- വന്യജീവി സംഘർഷം പരമാവധി കുറക്കുന്നതിന് വനത്തിനുള്ളിലെ ജലലഭ്യതയും ജലസംഭരണികളുടെ സംരക്ഷണവും കൃത്യമായി ഉറപ്പ് വരുത്തണം.
ഉഷ്ണതരംഗം പ്രധാന വിഷയമാക്കി പ്രത്യേക വാർഡ് സഭകൾ, കൺവെൻഷനുകൾ എന്നിവ ചേർന്ന് പൊതുചർച്ച ഉണ്ടാകണം. വഴിയോരക്കച്ചവടക്കാർ, വ്യാപാരികൾ എന്നിവർക്കും ജാഗ്രത നൽകുകയും ഇവർക്കാവശ്യമായ കുടിവെള്ള ലഭ്യതയ്ക്ക് സമീപ ഹോട്ടലുകളുമായി സഹകരിക്കാവുന്നതുമാണ്. കിടപ്പ് രോഗികൾ, പ്രായമായവർ എന്നിവർക്ക് വീടിനുള്ളിലും പ്രത്യേക ശ്രദ്ധ ഇക്കാലയളവിൽ ഉണ്ടാകണം. ആശ, ആരോഗ്യപ്രവർത്തകരെ ഉപയോഗിച്ച് ഒരു നിരീക്ഷണ ടീം രൂപീകരിക്കുകയും ഇവരുടെ വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്യേണ്ടതാണ്. പാലിയേറ്റീവ് കെയർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രത്യേക നിർദേശങ്ങൾ ഇതുമായി ബന്ധപ്പെട്ട് നൽകണം. വീടില്ലാതെ താമസിക്കുന്നവരുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത ഉണ്ടാകണമെന്നും ഇവർക്ക് ആവശ്യമായ അഭയം നൽകേണ്ട സാഹചര്യത്തിൽ അത് പരിഗണിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
തണലുള്ളതും വൃക്ഷങ്ങളുള്ളതുമായ പാർക്കുകൾ, പൊതുസ്ഥലങ്ങൾ എന്നിവ ഇക്കാലയളവിൽ പൊതുജനങ്ങൾക്ക് വിശ്രമിക്കുന്നതിനായി തുറന്നു നൽകണം. താപനില അളക്കാൻ കഴിയുന്ന മാപിനികൾ വ്യാപകമാക്കുകയും അവ നിരീക്ഷിച്ച് തുടർ പ്രവർത്തനങ്ങൾ ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്. തദ്ദേശീയ, പരമ്പരാഗത അറിവുകൾ പ്രാദേശികമായി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി ഉപയോഗിക്കാവുന്നതാണ്. ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികളാകണം ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് തയ്യാറാക്കേണ്ടത്. ഹരിത ഇടങ്ങൾ സൃഷ്ടിച്ചും നഗരാസൂത്രണ രേഖയിലടക്കം കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടുത്തിയും ഗ്രീൻ സാങ്കേതിക വിദ്യ, കൂൾ റൂഫിംഗ് കെട്ടിട നിർമ്മാണ രീതികൾ എന്നിവ പിൻതുടരുകയും ചെയ്യണം. കാർബൺ ബഹിർഗമനം പരമാവധി കുറച്ചും തണൽ മരങ്ങൾ വ്യാപകമായി നട്ടുവളർത്തിയും ഏകോപിതമായ നടപടികൾ വിവിധ വകുപ്പുകൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.