ന്യൂഡൽഹി: സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രതിയാക്കിയുള്ള നാഷനൽ ഹെറൾഡ് കേസിലെ ഇ.ഡി കുറ്റപത്രം രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ഗൂഢപദ്ധതികളുടെ ഭാഗമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കള്ളക്കേസ് കോടതി വരാന്തയിൽ പോലും നിൽക്കില്ലെന്നും ഈ മാസം 30ന് സമർപ്പിച്ചില്ലെങ്കിൽ കേസ് തള്ളി പോകുമെന്നതിനാൽ തട്ടിക്കൂട്ടിയ കുറ്റപത്രമാണ് ഇ.ഡിയുടേതെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
അതേസമയം ഇ.ഡി നടപടിക്കെതിരെ കോൺഗ്രസ് പിസിസികളുടെ നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ പിസിസി അധ്യക്ഷൻ ദേവേന്ദ്ര യാദവ്, ഷമ മുഹമദ് തുടങ്ങിയ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എഐസിസി ഓഫിസ് സ്ഥിതി ചെയ്യുന്ന അക്ബർ റോഡിൽ വൻ സുരക്ഷയാണ് ഡൽഹി പൊലീസ് ഒരുക്കിയിരിക്കുന്നത്. എഐസിസി ഓഫിസിലേക്കുള്ള റോഡിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം തടസപ്പെടുത്തിയിട്ടുണ്ട്. നൂറ് കണക്കിനു പ്രവർത്തകരാണ് എഐസിസി ഓഫിസിനുള്ളിൽ പ്രതിഷേധവുമായി തുടരുന്നത്. രാജ്യവ്യാപകമായി ഇ.ഡി ഓഫിസുകൾക്കും കേന്ദ്ര സർക്കാർ ഓഫിസുകൾക്കും മുൻപിലാണ് കോൺഗ്രസിന്റെ പ്രതിഷേധം.
കേസ് ഏപ്രിൽ 25ന് കോടതി പരിഗണിക്കും. സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുൽ ഗാന്ധി രണ്ടാം പ്രതിയുമായാണ് ഇ.ഡി കുറ്റപത്രം. ഇതാദ്യമായാണ് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കുറ്റപത്രം സമർപ്പിക്കുന്നത്. നാഷനൽ ഹെറൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎൽ, യങ് ഇന്ത്യൻ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേടുകളും ഫണ്ട് ദുരുപയോഗവും നടന്നതായാണ് കേസ്.
2023 നവംബറിൽ, ഡൽഹി മുംബൈ, ലക്‌നൗ എന്നിവിടങ്ങളിലെ 661 കോടി രൂപ വിലമതിക്കുന്ന സ്ഥാവര വസ്തുക്കളും 90.2 കോടി രൂപ വിലമതിക്കുന്ന എജെഎൽ ഓഹരികളും ഇ.ഡി താൽക്കാലികമായി കണ്ടുകെട്ടിയിരുന്നു. മുംബൈയിലെ ഹെറൾഡ് ഹൗസിലെ മൂന്ന് നിലകളിൽ നിലവിൽ സ്ഥിതി ചെയ്യുന്ന ജിൻഡൽ സൗത്ത് വെസ്റ്റ് പ്രോജക്ട്‌സിന് പ്രത്യേക നോട്ടിസ് നൽകിയിട്ടുണ്ട്.