യു.എ.ഇയിൽ ഇസ്ലാമിക ധനകാര്യ മേഖലയും ഹലാൽ ഉത്പന്ന കയറ്റുമതിയും ശക്തമാക്കാൻ യു.എ.ഇ മന്ത്രിസഭ പ്രത്യേക സമിതിയെ നിയമിച്ചു. യു.എ.ഇ സെൻട്രൽ ബാങ്ക് ഗവർണറായിരിക്കും സമിതിയുടെ ചെയർമാൻ. ആഗോളതലത്തിൽ ഇസ്ലാമിക ബാങ്കിങ് ഹബ്ബ് എന്ന യു.എ.ഇയുടെ സ്ഥാനം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് മന്ത്രിസഭ പുതിയ സമിതിയെ നിയോഗിച്ചത്. അന്താരാഷ്ട്രതലത്തിൽ മത്സരക്ഷമതയുള്ള ഇസ്ലാമിക ധനകാര്യമേഖല വളർത്തിക്കൊണ്ടുവരാനും സമിതിക്ക് ചുമതലയുണ്ട്. അതോടൊപ്പം പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ഹലാൽ ഉൽപന്നങ്ങളുടെ കയറ്റുമതിയും പുനർ കയറ്റുമതിയും പ്രോത്സാഹിപ്പിക്കും.
2031നകം ഇസ്ലാമിക ബാങ്കുകളുടെ ആസ്തി 98,600 കോടി ദിർഹമിൽനിന്ന് 2.56 ലക്ഷം കോടി ദിർഹമായി ഉയർത്തും. 66,000 കോടി ദിർഹമിന്റെ ഇസ്ലാമിക കടപ്പത്രമായ സുകൂക്ക് പുറത്തിറക്കും. ആഗോള ഹലാൽ മാർക്കറ്റിൽ യു.എ.ഇ ഉൽപന്നങ്ങളുടെ വിപണി വിഹിതം 31,500 കോടി ദിർഹമായി ഉയർത്താനും സമിതി ലക്ഷ്യമിടുന്നു. അബൂദബി ഖസർ അൽ വതനിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അധ്യക്ഷത വഹിച്ചു.
ഗവേഷണവും നവീകരണ പ്രവർത്തനങ്ങളും വർധിപ്പിക്കാനും ആരോഗ്യപരമായ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് സംവിധാനം വികസിപ്പിക്കാനും ജൈവ സുരക്ഷ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും പ്രതിരോധ പ്രവർത്തനത്തിനുള്ള ശേഷി വർധിപ്പിക്കുന്നതിനും ദേശീയ ജൈവചട്ടക്കൂട് നവീകരിക്കാനും മന്ത്രി സഭ അംഗീകാരം നൽകി.
ആഗോള സംരംഭകത്വ നിരീക്ഷണ റിപ്പോർട്ടിൽ തുടർച്ചയായി നാലാം തവണയും യു.എ.ഇ ഒന്നാം റാങ്ക് നേടിയതായും മന്ത്രിസഭ വിലയിരുത്തി. കൂടാതെ 2024ൽ സ്റ്റാർട്ടപ്പുകൾക്കായി ഉയർന്നുവരുന്ന മികച്ച അന്തരീക്ഷമുള്ള 100 രാജ്യങ്ങളുടെ പട്ടികയിൽ 18ാം സ്ഥാനവും യു.എ.ഇക്കാണ്. കഴിഞ്ഞ വർഷം എസ്.എം.ഇ ലൈസൻസിൽ 160 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. കഴിഞ്ഞ വർഷം ടൂറിസം മേഖലയിലും ശക്തമായ വളർച്ച നേടി. 2023ൽ എട്ട് ലക്ഷം തൊഴിലവസരങ്ങളാണ് ഈ മേഖല സമ്മാനിച്ചത്. ദേശീയ സമ്പദ്വ്യവസ്ഥയിൽൽ ഈ മേഖലയിൽനിന്നുള്ള സംഭാവന 11.7 ശതമാനമായി വർധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.