കീവ്: ഇസ്രയേലികൾ താമസിക്കുന്ന ഗാസ അതിർത്തിയിൽ അബദ്ധത്തിൽ ബോംബിട്ട് സൈന്യം. ഗാസ അതിർത്തിയിൽ 550 ഇസ്രയേലികൾ താമസിക്കുന്ന പ്രദേശത്താണ് ഇസ്രയേൽ വ്യോമസേനയുടെ യുദ്ധ വിമാനം ബോംബ് വർഷിച്ചത്. സാങ്കേതിക തകരാറുമൂലമാണ് ഇത്തരം ഒരു അബദ്ധം പറ്റിയത് എന്നാണ് സൈന്യം സംഭവത്തെ തുടർന്ന് പുറത്തുവിട്ട വിശദീകരണത്തിൽ പറയുന്നത്.
സംഭവത്തിൽ ആർക്കും പരിക്കു പറ്റിയതായി റിപ്പോർട്ട് ചെയ്തിട്ടില്ല. നിർ യിറ്റ്‌ഴാക് എന്ന വിഭാഗത്തിൽ പെടുന്ന ആളുകളാണ് ബോംബ് വീണ തെക്കൻ ഗാസ അതിർത്തിയിൽ താമസിക്കുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസ സന്ദർശിച്ച ദിവസം തന്നെയാണ് സൈന്യത്തിന് ഇത്തരത്തിൽ ഒരു വീഴ്ച പറ്റിയത്.
മാർച്ച് 18 ന് വീണ്ടു ആരംഭിച്ച വ്യോമാക്രമണം നിലവിൽ ഗാസയിൽ തുടരുകയാണ്. ബന്ദികളിൽ പകുതിപേരെ മോചിപ്പിക്കുകയാണെങ്കിൽ 45 ദിവസത്തേക്ക് വെടിനിർത്താമെന്ന് ഇസ്രയേൽ പറഞ്ഞതായി ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. കരാറിൻറെ ആദ്യ ആഴ്ചയിൽ പകുതി ബന്ദികളെ മോചിപ്പിക്കുക. 45 ദിവസത്തെ വെടിനിർത്തൽ നടപ്പാക്കുക. സഹായങ്ങൾ എത്തിക്കുക എന്നിവയാണ് ഇസ്രയേൽ മുന്നോട്ടുവെച്ച നിർദേശങ്ങൾ. ഇവ ഈജിപ്തിൽ നിന്നുള്ള മധ്യസ്ഥർ അംഗീകരിച്ചു എന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. നിലവിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ഏറ്റവും വലിയ പ്രതിസന്ധിയിൽ കൂടിയാണ് ഗാസ കടന്നുപോകുന്നതെന്ന് യുഎൻ വ്യക്തമാക്കി. 2023 ഒക്ടോബർ 7 ന് യുദ്ധം ആരംഭിച്ചപ്പോൾ 251 ഇസ്രയേലുകാരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇത് 28 പേരെ ഇതുവരെ മോചിപ്പിക്കാൻ സാധിച്ചിട്ടില്ല. നിലവിൽ ബന്ദികളാക്കപ്പെട്ടവരിൽ 34 പേർ ഇസ്രയേൽ സൈനികരാണ്.