യേശുക്രിസ്തുവിൻറെ ജറുസലേം പ്രവേശനത്തിൻറെ സ്മരണകളുണർത്തി ഇന്ന് ഓശാനപ്പെരുന്നാൾ. യേശുദേവനെ ഒലിവ് മരച്ചില്ലകൾ വീശി ജറുസലേമിൽ ജനസമൂഹം വരവേറ്റതിന്റെ ഓർമ പുതുക്കുന്ന കുരുത്തോലപ്പെരുന്നാൾ ദിനത്തിൽ വിവിധ ക്രിസ്തീയ ദേവാലയങ്ങളിൽ ഭക്തിനിർഭരമായ ചടങ്ങുകൾ നടക്കുകയാണ്. കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും വിശുദ്ധ കുർബാനയും വചന സന്ദേശവും ഉൾപ്പെടെയുള്ള ശുശ്രൂഷകളുണ്ടാകും. യേശുദേവന്റെ സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവ വാരാചരണത്തിന് ഇതോടെ തുടക്കമായി. 50 ദിനം നീളുന്ന വലിയ നോമ്പിന്റെ അവസാന വാരത്തിലേക്കു കൂടിയാണു ക്രൈസ്തവ സമൂഹം പ്രവേശിക്കുന്നത്.
കേരളത്തിലെ ദേവാലയങ്ങളിലെല്ലാം ഓശാനപ്പെരുന്നാളിൻറെ ഒരുക്കങ്ങൾ നേരത്തെ പൂർത്തിയായിരുന്നു. തലസ്ഥാനത്തെ പാളയം സെൻറ് ജോസഫ് മെട്രോപോളിറ്റൻ കത്തീഡ്രലിൽ ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയാണ് നേതൃത്വം നൽകുന്നത്. പട്ടം സെൻറ് മേരീസ് കത്തീഡ്രലിൽ ഓശാന ശുശ്രൂഷകൾക്ക് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവയുമാണ് മുഖ്യകാർമികത്വം നൽകുന്നത്.