ഇന്ത്യ-പാക് സംഘർഷത്തിനിടെ സുപ്രധാന നടപടി; ഐഎസ്ഐ മേധാവിയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ച് പാകിസ്ഥാൻ

പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അസിം മാലിക്കിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുമായി സംഘർഷാവസ്ഥ മൂർച്ഛിരിക്കുന്നതിനിടെയാണ് പാകിസ്ഥാന്റെ നടപടി.

ഐഎസ്ഐ മേധാവി എന്ന ഉത്തരവാദിത്തത്തിന് പുറമെയാണ്, അധിക ചുമതലയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന പദവി കൂടി നൽകിയിരിക്കുന്നത്. ഇതാദ്യമായാണ് ഐഎസ്‌ഐ മേധാവി ദേശീയ സുരക്ഷാ ഉപദേഷ്ടാവാകുന്നത്. 2024 സെപ്റ്റംബറിലാണ് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അസിം മാലിക്ക് ഐഎസ്ഐ മേധാവിയായി നിയമിതനാകുന്നത്.

ഐഎസ്ഐയുടെ ഡയറക്ടർ ജനറലായി നിയമിതനാകുന്നതിന് മുമ്പ്, പാകിസ്ഥാൻ സൈനിക ആസ്ഥാനത്ത് അഡ്ജറ്റന്റ് ജനറലായി അസിം മാലിക് സേവനമനുഷ്ഠിച്ചിരുന്നു. സൈന്യത്തിന്റെ നിയമപരവും അച്ചടക്കപരവുമായ കാര്യങ്ങൾ ഉൾപ്പെടെയുള്ള ഭരണകാര്യങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.

ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അസിം മാലിക് സൈനിക ആസ്ഥാനത്ത്, സേനാ മേധാവിയുടെ പ്രധാന സഹായി എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴാണ് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റും തുടർന്ന് അദ്ദേഹത്തിന്റെ അനുയായികളുടെയും പാർട്ടി പ്രവർത്തകരുടെയും പ്രതിഷേധങ്ങളും ഉണ്ടാകുന്നതെന്ന് എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *