ആശാവർക്കർമാരുടെ സമരം; സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സാഹിത്യകാരി സാറാ ജോസഫ്

ആശാസമരത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സാഹിത്യകാരി സാറാ ജോസഫ് രം​ഗത്ത്. ആശാപ്രവർത്തകരുടെ സമരം അവസാനിപ്പിക്കുവെന്നും നമ്മുടെയൊക്കെ ചോറിൽ തലമുടി പാറി വീഴുന്നു സാർ എന്നും പറഞ്ഞുകൊണ്ടാണ് സര്‍ക്കാരിനെതിരെ തുറന്നടിച്ചുകൊണ്ട് സാറാ ജോസഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഉണ്ണുന്ന ചോറിലും കുടിക്കുന്ന വെള്ളത്തിലും തലമുടി പാറി വീഴുന്നത് അത്ര സുഖമുള്ള കാര്യമല്ലെന്നും എന്തുകൊണ്ടാണ് ആശമാരുടെ സമരം സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാൻ കഴിയാത്തതെന്നും സാറാ ജോസഫ് ചോദിക്കുന്നു.

പലതും കാണുമ്പോള്‍ ഖജനാവിൽ പണമില്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നില്ലലോ എന്നും സാറാ ജോസഫ് വിമര്‍ശിച്ചു. സമരത്തിന്‍റെ കൂടെ അനഭിമതരായ ചില രാഷ്ട്രീയക്കാർ ഉള്ളതുകൊണ്ടാണോ സമരം ഏറ്റെടുക്കാത്തത്?. അടിസ്ഥാന വർഗ്ഗത്തിൽ പെട്ട സ്ത്രീകളാണ് സമരംഗത്തുള്ളത്. അവരെ പിന്തുണയ്ക്കുന്നത് മനുഷ്യത്വപരമായ പ്രവർത്തി അല്ലേ? ഇടതുപക്ഷത്തിന്റെ അഭിമാന പ്രശ്നമായിട്ടോ അതോ പൊരിയുന്ന വയറിന്‍റെ പ്രശ്നമായിട്ടാണോ സർക്കാർ കാണുന്നത്?.

കേന്ദ്രമാണ് ഓണറേറിയം കൂട്ടേണ്ടതെങ്കിൽ ആശമാരെ കളിയാക്കുന്നതിന് പകരം കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചു കൂടെ? നമ്മൾ വിശിഷ്ടഭോജ്യങ്ങൾ അകത്താക്കുമ്പോൾ, ഏറിയ സുഖസൗകര്യങ്ങളുടെ കുളിർമയിൽ കൊടുംവെയിൽ അറിയാതിരിക്കുമ്പോൾ, മൃദുവായ വൃത്തിയുള്ള മെത്തകളിൽ ഉറങ്ങുമ്പോൾ, ഒരു ദിവസം കഴിയാൻ 232 രൂപ തികയില്ലെന്ന 26000 സ്ത്രീകളുടെ പ്രശ്നം നമുക്ക് മനസ്സിലാവില്ലെന്നും സാറാ ജോസഫ് പോസ്റ്റിൽ പറയുന്നു.

സമരംചെയ്യുന്നവർ 400 പേരെയുള്ളുവെന്ന വാദം കൊണ്ട് പരിഹരിക്കാവുന്ന സാമ്പത്തിക പ്രശ്നമല്ലിതെന്നും. 26000 ആശമാരിൽ കടക്കെണിയിലല്ലാത്തവർ എത്രപേരുണ്ടെന്നും സാറാ ജോസഫ് ചോദിച്ചു. ജപ്തി ഭീഷണിനേരിടുന്നവർ എത്രപേർ?, ആത്മഹത്യാമുനമ്പിൽ നിൽക്കുന്നവർ എത്ര പേർ ?, ദലിത്വിഭാഗത്തിൽ പെട്ടവർ എത്ര പേർ എന്നൊരു കണക്കെടുക്കാമോ? അവകാശസമരങ്ങൾ അനാവശ്യസമരങ്ങളാണെന്ന് മുദ്രകുത്തും മുമ്പ് ഇങ്ങനെയൊരു കണക്കെടുപ്പു കൂടിനടത്തണമെന്ന് സാറാ ജോസഫ് പറഞ്ഞു. സമരംചെയ്യുന്ന ആശമാർക്കുവേണ്ടി മാത്രമല്ല, മുഴുവൻ ആശാപ്രവർത്തകർക്കും വേണ്ടിയാണ് ഈ അഭ്യർത്ഥനയെന്നും സാറാ ജോസഫ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *