മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ കുറിച്ച് പരാമർശം നടത്തിയതിന് സ്റ്റാന്‍ഡപ് കൊമീഡിയൻ കുനാല്‍ കമ്രക്കെതിരെ വ്യാപക പ്രതിഷേധമുയർന്നതിൽ പ്രതികരണവുമായി സമാജ്‍വാദി പാർട്ടി എം.പിയും നടിയുമായ ജയ ബച്ചൻ രംഗത്ത്. എന്തെങ്കിലുമൊന്ന് സംസാരിച്ചുപോയാൽ അതിനെതിരെ നടപടികൾ സ്വീകരിക്കുകയാണെങ്കിൽ ആവിഷ്‍കാര സാതന്ത്ര്യം എവിടെയാണെന്നായിരുന്നു അവരുടെ ചോദ്യം. പാർലമെന്റിന് പുറത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ജയ.
സംസാരിക്കാൻ വിലക്ക് ഏർപ്പെടുത്തിയാൽ പിന്നെ മാധ്യമങ്ങളുടെ കാര്യം എന്താകുമെന്നായിരുന്നു ജയ ബച്ചന്റെ ചോദ്യം. നിങ്ങൾ തീർച്ചയായും വിഷമവൃത്തത്തിൽ അകപ്പെടും. നിങ്ങളുടെ മേലും നിയന്ത്രണങ്ങളുണ്ട്. അങ്ങനെ നിയന്ത്രണങ്ങൾ വന്നാൽ നിങ്ങൾക്ക് ജയ ബച്ചനെ അഭിമുഖം നടത്താനാവില്ല. ആവിഷ്‍കാര സ്വാതന്ത്ര്യം എവിടെ പോയി? പ്രതിപക്ഷത്തെ തല്ലുക, സ്ത്രീകളെ ബലാത്സംഗം ചെയ്യുക, കൊലപ്പെടുത്തുക തുടങ്ങിയ ബഹളങ്ങൾ ഉണ്ടാകുമ്പോൾ മാത്രമേ പ്രവർത്തന സ്വാതന്ത്ര്യമുള്ളൂ. ഏക്നാഥ് ഷിൻഡെ ശിവസേനയെ പിളർത്തി മറ്റൊരു പാർട്ടിയുണ്ടാക്കിയ ആളാണ്. ഇത് നിങ്ങളുടെ ബാബാസാഹിബിനെ അപമാനിക്കുന്ന കാര്യമല്ലേയെന്നും ജയബച്ചൻ ചോദിച്ചു.