ആറ് മാസം പ്രായമായ കുഞ്ഞിനോട് ദുർമന്ത്രവാദിയുടെ ക്രൂരത. ബാധ ഒഴിപ്പിക്കാനെന്ന പേരിൽ കുട്ടിയെ തീയ്ക്ക് മുകളിൽ തലകീഴായി കെട്ടിത്തൂക്കിയിട്ടു. ദുർമന്ത്രവാദത്തിനു പിന്നാലെ കുട്ടിയുടെ ഇരുകണ്ണുകളുടേയും കാഴ്ച നഷ്ടമായി. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ കോലറാസ് പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
അനാചാരം കുഞ്ഞിന്റെ കണ്ണുകൾക്ക് സാരമായ കേടുപാടുണ്ടാക്കിയെന്നും കാഴ്ചശക്തി തിരിച്ചുകിട്ടുമോയെന്ന് പറയാൻ പ്രയാസമാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുഞ്ഞിന് എന്തൊക്കെയോ അസ്വസ്ഥതകൾ ഉണ്ടെന്ന് പറഞ്ഞ് മാതാപിതാക്കൾ രഘുവീർ ധാക്കഡ് എന്ന ദുർമന്ത്രവാദിയെ സമീപിക്കുകയായിരുന്നു. മകനെ ചില അദൃശ്യശക്തികൾ വേട്ടയാടുന്നുണ്ടെന്നും ഒരു ‘ഭൂതോച്ചാടന’ ചടങ്ങ് ആവശ്യമാണെന്നും ഇയാൾ മാതാപിതാക്കളോട് പറഞ്ഞു.
ഇതിന്റെ ഭാഗമായി കുഞ്ഞിനെ തലകീഴായി തീയ്ക്ക് മുകളിൽ കെട്ടിത്തൂക്കി. വേദനയും പൊള്ളലും സഹിക്കാനാവാതെ കുഞ്ഞ് നിലവിളിച്ചെങ്കിലും അവന് സുഖം കിട്ടുമെന്ന് വിശ്വസിച്ച് മാതാപിതാക്കൾ ഇത് കാര്യമാക്കിയില്ല. തുടർന്ന് കുഞ്ഞിന് പൊള്ളലേറ്റതോടെ മാതാപിതാക്കൾ ശിവപുരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ദുർമന്ത്രവാദ ക്രൂരത പുറത്തറിയുന്നത്. തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ കാഴ്ച നഷ്ടമായ വിവരം അറിഞ്ഞത്. കുട്ടി ഇപ്പോഴും ചികിത്സയിൽ തുടരുകയാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഗ്രാമനിവാസി നൽകിയ പരാതിയിൽ ധാക്കഡിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എസ്പി പറഞ്ഞു.