ആരോഗ്യം വീണ്ടെടുത്ത നിധിക്ക് ശിശുക്ഷേമ സമിതി തണലാകും

കൊച്ചിയിലെ ആശുപത്രിയിൽ ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാർ ഉപേക്ഷിച്ചു പോയ പെൺകുഞ്ഞിനെ ശിശു ക്ഷേമ സമിതി ഏറ്റെടുത്തു. എറണാകുളം ജനറൽ ആശുപത്രിയിലായിരുന്ന കുഞ്ഞിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ ശിശു ക്ഷേമ സമിതിയും ജനറൽ ആശുപത്രി സൂപ്രണ്ടും ഒപ്പുവെച്ചു. രണ്ടര മാസം പ്രായമുള്ള പെൺകുഞ്ഞിന് നിധി എന്നാണ് പേരിട്ടിരിക്കുന്നത്.

ആശുപത്രിയിൽ എത്തിച്ചപ്പോൾ ഒരു കിലോയിൽ താഴെയായിരുന്നു കുഞ്ഞിന്റെ തൂക്കം. കുഞ്ഞിനിപ്പോൾ രണ്ടരകിലോ തൂക്കമുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കളെ ആരോഗ്യവകുപ്പ് ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഇതോടെയാണ് ശിശുക്ഷേമ സമിതി കുഞ്ഞിനെ സംരക്ഷിക്കാൻ തീരുമാനമായത്. ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയിൽ കഴിഞ്ഞ കുഞ്ഞിന് ഒരാഴ്ചയോളം ഓക്‌സിജന്‍ നല്‍കിയിരുന്നു. അനീമിയ മാറാൻ രണ്ട് പ്രാവശ്യം രക്തം നല്‍കുകയുണ്ടായി.

കൂടാതെ കുഞ്ഞിനാവശ്യമായ മുലപ്പാല്‍ ആശുപത്രിയിലെ മില്‍ക്ക് ബാങ്കില്‍ നിന്നും ഉറപ്പാക്കിയായിരുന്നു തുടർ ചികിത്സ. കുഞ്ഞിൻ്റെ മാതാപിതാക്കൾ ഇനി തിരികെ വന്നാലും കുഞ്ഞിനെ അവർക്ക് കൈമാറുന്നത് വിശദമായ പരിശോധനകൾക്ക് ശേഷമായിരിക്കും. ഒരിക്കൽ ഉപേക്ഷിച്ച് പോയതിനാൽ മാതാപിതാക്കൾക്ക് കുട്ടിയെ സംരക്ഷിക്കാനാവുമോയെന്നതിലടക്കം ശിശുക്ഷേമ സമിതി പരിശോധന നടത്തും.

Leave a Reply

Your email address will not be published. Required fields are marked *