ഇന്ത്യ പാക് പ്രശ്നം കടുത്തതോടെ ഭുരിഭാഗം ആളുകളും ചർച്ച ചെയ്യുന്ന ഒരു പേരാണ് പാകിസ്ഥാനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിൽ പ്രധാനിയായ പാക് സൈനിക മേധാവിയായ അസിം മുനീർ. നിലവിൽ പാക് സൈനിക മേധാവി അസീം മുനീറിനെ സ്ഥാനത്ത് നിന്ന് നീക്കാൻ തിരക്കിട്ട നീക്കങ്ങളാണ് പാകിസ്ഥാനില്‍ നടക്കുന്നത്. പാക് സൈനിക മേധാവി രാജ്യസുരക്ഷയെ വ്യക്തി താത്പര്യങ്ങൾക്കായി ബലി കഴിച്ചു എന്നാണ് പാകിസ്ഥാൻ സർക്കാരിന്റെ വിലയിരുത്തൽ. ഇന്ത്യ പാകിസ്ഥാനിൽ തിരിച്ചടിക്കുന്നതിനിടെ പാക് സൈന്യത്തിനുള്ളിൽ അട്ടിമറി നീക്കം നടക്കുന്നതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ഇതിനോടകം പുറത്തുവരുന്നുണ്ട്.
കൗമാര കാലത്ത് ഒരു ഫാസ്റ്റ് ബൗളറായിരുന്നു സയ്യിദ് അസിം മുനീര്‍ അഹമ്മദ് ഷാ. എന്നാൽ അതുപോലെ വേഗത്തിലെടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും രാജ്യത്തെ തന്നെ പ്രതിസന്ധിയിലാക്കുന്ന കാഴ്ചയാണ് ഇപ്പോൾ പാകിസ്ഥാൻ ചെന്നുപെട്ട അവസ്ഥയിൽ നിന്ന് വ്യക്തമാകുന്നത്. എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുന്നതിലെ വിട്ടുവീഴ്ചയില്ലാത്ത സമീപനം അസിം മുനീറിന്റെ കഴിവായി കണക്കാക്കിയിരുന്നെങ്കിൽ, ഇപ്പോൾ തീവ്രവാദികളെ കൂട്ടുപിടിച്ച് ഇന്ത്യക്കെതിരെ തിരിഞ്ഞത്, ഒരു തിരുത്താനാവാത്ത തെറ്റായാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്.
സമാനതകളില്ലാത്ത തിരിച്ചടി ഇന്ത്യയും, അതുപോലെ കിട്ടിയ അവസരം ബലൂച് ആർമിയും ഉപയോഗപ്പെടുത്തിയപ്പോൾ പാകിസ്ഥാൻ സൈന്യം കടുത്ത പ്രതിരോധത്തിലാണ്. ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ പിന്‍ഗാമിയായാണ് അസിം മുനീർ പാക് സൈന്യത്തിന്റെ തലവനാകുന്നത്. സൈനിക ബലത്തിലും വെടിക്കോപ്പിലും ഇന്ത്യയുടെ ഏഴയലത്ത് പോലും എത്താത്ത പാകിസ്ഥാനെ, തകർത്ത് തരിപ്പണമാക്കുന്ന നടപടിയാണ് മുൻ ഐഎസ്ഐ മേധാവികൂടിയായ അസീം മുനീറിൽ നിന്ന് ഇപ്പോൾ ഉണ്ടായത്. റാവൽപിണ്ടിയിലെ പള്ളി ഇമാമും സ്കൂൾ അധ്യാപകനുമായ സെയദ് സർവാർ മുനീറിന്റെ മകനായി ജനിച്ച അസീം മുനീർ കടുത്ത യാഥാസ്ഥാതികനാണ്. ജെയ്ഷെ മുഹമ്മദ് അടക്കമുള്ള കടുത്ത ഇന്ത്യാ വിരുദ്ധ, ഭീകരവാദികളെ ഒപ്പം കൂട്ടിയാണ് അസിം മുനീർ പാകിസ്ഥാന്റെ കടിഞ്ഞാൺ പിടിച്ചെടുക്കാൻ ശ്രമിച്ചത്.
രാഷ്ട്രീയ നേതൃത്വത്തിന് തെല്ലും ശക്തിയില്ലാത്ത പാകിസ്ഥാനിൽ സേനാത്തലവനാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് വ്യക്തമാണ്. യുദ്ധവെറി തലയ്ക്ക് പിടിച്ചപ്പോൾ, നേരിട്ട് ഏറ്റുമുട്ടാൻ കഴിവില്ലാത്ത ഒരു സൈന്യത്തിന്റെ നായകൻ പിന്തുണച്ച തീരുമാനമായിരുന്നു ഇന്ത്യക്കെതിരായ ഭീകരാക്രമണം. ഇന്ത്യ അതിന് അതേ നാണയത്തിൽ തിരിച്ചടിച്ചപ്പോൾ പതറിയ പാക് സൈനിക തലവൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല നിലനിൽപ്പ് തന്നെ ചോദ്യചിഹ്നമാകുമെന്ന് വേണം അനുമാനിക്കാൻ.