പഹൽഗാമിലേറ്റ മുറിവിനു തിരിച്ചടി നൽകിയെന്ന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിക്കാൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കൊപ്പം മാധ്യമങ്ങൾക്കു മുന്നിലെത്തിയത് ഇന്ത്യൻ സേനയുടെ പെൺകരുത്തിന്റെ രണ്ടു മുഖങ്ങളാണ് – വ്യോമസേനാ വിങ് കമാൻഡർ വ്യോമിക സിങ്ങും കരസേനയിലെ കേണൽ സോഫിയ ഖുറേഷിയും. ഇന്ത്യയുടെ ആക്രമണ തന്ത്രങ്ങളെപ്പറ്റിയും സൈനിക നീക്കത്തിന്റെ കൃത്യതയെപ്പറ്റിയും സാധാരണ ജനങ്ങളോടുള്ള കരുതലിനെപ്പറ്റിയും സംസാരിക്കുമ്പോൾ ഇന്ത്യയുടെ അഭിമാനം പോലെ ഉറച്ചതായിരുന്നു അവരുടെ ശബ്ദം.
കേണൽ സോഫിയ ഖുറേഷി
ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ ഇന്ത്യൻ സൈനിക സംഘത്തെ നയിച്ച ആദ്യ വനിതയാണ് കരസേനയിലെ കേണലായ സോഫിയ ഖുറേഷി. 1981ൽ ഗുജറാത്തിലെ വഡോദരയിൽ ജനിച്ച സോഫിയയുടെ കുടുംബവവും സൈനിക പശ്ചാത്തലമുള്ളവരാണ്. മുത്തച്ഛൻ കരസേനയിൽ സേവനമനുഷ്ഠിച്ചു. അച്ഛൻ വർഷങ്ങളോളം സേനയിൽ മതാധ്യാപകനായി ജോലി ചെയ്തു. 1999 ൽ ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽനിന്ന് ലെഫ്റ്റനന്റായാണ് സോഫിയ ഖുറേഷി സൈന്യത്തിൽ എത്തിയത്. ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമുള്ള കേണൽ സോഫിയ ഖുറേഷിയുടെ ഭർത്താവ് മെക്കനൈസ്ഡ് ഇൻഫൻട്രിയിലെ ഉദ്യോഗസ്ഥനാണ്.
2016 ല്‍ എക്‌സര്‍സൈസ് ഫോഴ്‌സ് -18 എന്ന സൈനിക അഭ്യാസത്തിനുള്ള ഇന്ത്യന്‍ സംഘത്തെ നയിക്കുന്ന ആദ്യ വനിതാ ഓഫീസറായി സോഫിയ ചരിത്രം സൃഷ്ടിച്ചാണ് ചുമതലയേറ്റത്. ഇതു വരെ ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ പ്രധാന രാജ്യങ്ങളുടെ സൈനിക അഭ്യാസമായിരുന്നു ഇത്. മാർച്ച് 2 മുതൽ മാർച്ച് 8 വരെ പൂനെയിൽ നടന്ന സൈനിക അഭ്യാസത്തിൽ ആസിയാൻ അംഗരാജ്യങ്ങളും ജപ്പാൻ, ചൈന, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ദക്ഷിണ കൊറിയ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ തുടങ്ങിയ ആഗോള ശക്തികളും ഉൾപ്പെടെ 18 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തിരുന്നു. ഇതിൽ, ഒരു സംഘത്തെ നയിച്ച ഏക വനിതാ ഓഫീസറായി ലെഫ്റ്റനന്റ് കേണൽ ഖുറേഷി അന്നേ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അവരുടെ നേതൃത്വ പാടവത്തിനും, പ്രവർത്തന മികവിനും വലിയ തെളിവാണിത്. 2006 ൽ കോംഗോയിലെ ഐക്യരാഷ്ട്രസഭ മിഷനിൽ ഉണ്ടായിരുന്നതുൾപ്പെടെ ആറ് വർഷത്തോളം യുഎൻ പീസ് കീപ്പിംഗ് ഓപ്പറേഷനുകളിലും (പികെഒ) പ്രവർത്തിച്ചിട്ടുണ്ട്.
വിങ് കമാൻഡർ വ്യോമിക സിങ്
സൈന്യത്തിൽ ചേരണമെന്നായിരുന്നു കുട്ടിക്കാലം മുതൽ വ്യോമിക സിങ്ങിന്റെ ആഗ്രഹം. ആകാശത്തിന്റെ മകൾ എന്നർഥമുള്ള പേരുകാരിയായ ആ പെൺകുട്ടി ഒടുവിൽ വ്യോമസേനയിലെത്തി. പഠനകാലത്ത് എൻസിസി കെഡറ്റായിരുന്ന വ്യോമിക എൻജിനീയറിങ്ങാണ് പഠിച്ചത്. അവരുടെ കുടുംബത്തിൽനിന്ന് സായുധസേനാംഗമാകുന്ന ആദ്യയാളാണ് വ്യോമിക. 2019 ൽ ഹെലികോപ്റ്റർ പൈലറ്റായാണ് സേനയിൽ ചേർന്നത്. ഹിമാചൽപ്രദേശിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് മണിറംഗ് കീഴടക്കിയ വ്യോമസേനയുടെ ഓൾ വിമൻ ട്രൈ സെർവീസസ് മൗണ്ടനീറിങ് ടീമിന്റെ ഭാഗമായിരുന്നു. 2500ൽ അധികം മണിക്കൂറുകൾ വിമാനം / ഹെലിക്കോപ്റ്റർ പറത്തിയിട്ടുണ്ട്. ജമ്മു കശ്മീർ, വടക്കുകിഴക്കൻ മേഖല തുടങ്ങിയ പ്രദേശങ്ങളിലൂടെ ചേതക്, ചീറ്റ ഹെലിക്കോപ്റ്ററുകൾ പറത്തിയിട്ടുമുണ്ട്. 2020ൽ അരുണാചൽ പ്രദേശിൽ നിർണായകമായ ഒരു രക്ഷാപ്രവർത്തനദൗത്യത്തിൽ മികവു തെളിയിച്ചിട്ടുണ്ട് അവർ.