ആപ്പിള്‍ കമ്പനിയുടെ 20-ാം വാര്‍ഷിക പ്രത്യേക ഐഫോണ്‍ പ്രോ മോഡലും ചരിത്രത്തിലെ ആദ്യ ഫോണ്‍ഡബിള്‍ ഐഫോണും ഇന്ത്യയില്‍ അസ്സെംബിള്‍ ചെയ്യാന്‍ കമ്പനിക്കാവില്ലെന്ന് പുതിയ റിപ്പോർട്ട്. ആപ്പിള്‍ കമ്പനി ഐഫോണ്‍ നിര്‍മ്മാണം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് പൂര്‍ണമായും മാറ്റാന്‍ പദ്ധതിയിടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പുതിയ വാര്‍ത്ത വന്നിരിക്കുന്നത്. ഈ രണ്ട് ഐഫോണ്‍ മോഡലുകളും ചൈനയില്‍ വച്ച് നിര്‍മ്മിക്കാനാണ് സാധ്യത എന്ന് ബ്ലൂബെര്‍ഗിന്‍റെ മാര്‍ക് ഗുര്‍മാന്‍ റിപ്പോര്‍ട്ട് ചെയ്തു. ആപ്പിളിന്‍റെ 20-ാം വാര്‍ഷിക ഐഫോണ്‍ മോഡലുകളുടെ നിര്‍മ്മാണത്തിനും ഫോള്‍ഡബിള്‍ ഐഫോണ്‍ നിര്‍മ്മാണത്തിനും ചൈനയെ തന്നെയാകും ആപ്പിള്‍ തെരഞ്ഞെടുക്കുകയെന്ന് ബ്ലൂംബെര്‍ഗിന്‍റെ വാര്‍ത്തയില്‍ പറയുന്നു.
2027-ഓടെ എല്ലാ ഐഫോണ്‍ മോഡലുകളും പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ആപ്പിളിന് സാധിക്കില്ല എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല, പുത്തന്‍ ഡിസൈനില്‍ വരുന്ന ഐഫോണുകളുകള്‍ ചൈനയ്ക്ക് പുറത്ത് നിര്‍മ്മിച്ച ചരിത്രവും ആപ്പിളിനില്ല. ഗ്ലാസ്-സെന്‍ട്രിക് ഡിസൈനില്‍ 2027ല്‍ ഇറങ്ങാനിരിക്കുന്ന ഐഫോണുകള്‍ പുത്തന്‍ ഘടകങ്ങളും അസ്സെംബിളിംഗ് രീതികളും അവലംബിച്ചുള്ളതായിരിക്കും. നിലവിലെ സാഹചര്യത്തില്‍ 2027ലെ ഐഫോണ്‍ മോഡലുകള്‍ ചൈനയില്‍ വച്ചാണ് നിര്‍മ്മിക്കുന്നതെങ്കില്‍ ഉയര്‍ന്ന ഇറക്കുമതി തീരുവ കാരണം ഫോണുകളുടെ വില യുഎസില്‍ ഉയരും. അതേസമയം ഇന്ത്യയില്‍ ഐഫോണ്‍ അടക്കമുള്ള ആപ്പിള്‍ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം വര്‍ധിപ്പിക്കാന്‍ കമ്പനി ശ്രമിച്ചുവരികയാണ്.
വരുന്ന കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ചൈനയില്‍ നിന്ന് പൂര്‍ണമായും ഐഫോണ്‍ അസ്സെംബിളിംഗ് ഇന്ത്യയിലേക്ക് മാറും എന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,87,886 കോടി രൂപയുടെ ഐഫോണുകളാണ് ഇന്ത്യയില്‍ അസ്സെംബിള്‍ ചെയ്തത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2024-25 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മാണത്തില്‍ 60 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.