ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരായ അഴിമതി ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി മറച്ചുവച്ചതായി കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് ചോദ്യങ്ങൾ ചോദിക്കുമ്പോൾ പ്രധാനമന്ത്രി മൗനം പാലിക്കുകയും വിദേശത്ത് ചോദ്യങ്ങൾ ചോദിക്കുമ്പോൾ അത് വ്യക്തിപരമായ കാര്യമാണെന്ന് പറയുകയും ചെയ്യുന്നുവെന്ന് ‘എക്‌സി’ലെ പോസ്റ്റിൽ രാഹുൽ ഗാന്ധി പറഞ്ഞു.
‘രാജ്യത്ത് ചോദ്യങ്ങൾ ചോദിച്ചാൽ നിശ്ശബ്ദതയാണ്, വിദേശത്ത് ചോദ്യങ്ങൾ ചോദിച്ചാൽ അത് വ്യക്തിപരമായ കാര്യമാണ്! അമേരിക്കയിൽ പോലും മോദിജി അദാനിയുടെ അഴിമതി മറച്ചുവെച്ചു!’ -രാഹുൽ ഗാന്ധി ‘എക്സി’ൽ കുറിച്ചു.
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മോദിയും ട്രംപും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദാനിയുമായി ബന്ധപ്പെട്ട ചോദ്യം ഉയർന്നു വന്നത്. അദാനിയുമായി ബന്ധപ്പെട്ട വിഷയം ചർച്ചകളിൽ ഉൾപ്പെടുത്തിയോ എന്നായിരുന്നു ചോദ്യം. ‘ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, നമ്മുടെ സംസ്കാരം ‘വസുധൈവ കുടുംബകം’ ആണ്. ലോകം മുഴുവൻ ഒരു കുടുംബമായിട്ടാണ് ഞങ്ങൾ കാണുന്നത്. ഓരോ ഇന്ത്യക്കാരനും എന്‍റേതാണെന്ന് ഞാൻ വിശ്വസിക്കുന്നു. രണ്ട് രാജ്യങ്ങളിലെ രണ്ട് പ്രമുഖ നേതാക്കൾ ഒരിക്കലും ഇത്തരം വ്യക്തിപരമായ വിഷയങ്ങൾ ചർച്ച ചെയ്യാറില്ല’ – എന്നായിരുന്നു നരേന്ദ്ര മോദി നൽകിയ മറുപടി.