ശ്രീനഗര്‍, അമൃത്സര്‍ എന്നിവയുള്‍പ്പെടെ ഒമ്പത് വിമാനത്താവളങ്ങളിലേയ്ക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. മെയ് 10 പുലര്‍ച്ചെ വരെയാണ് സര്‍വീസ് റദ്ദാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി സായുധ സേന പാകിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.
ജമ്മു, ശ്രീനഗര്‍, ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ഛണ്ഡീഗഡ്, രാജ്‌കോട്ട് എന്നീ വിമാനത്താവളങ്ങള്‍ അടയ്ക്കുന്നതായ വ്യോമയാന അധികൃതരുടെ അറിയിപ്പിനെത്തുടര്‍ന്ന് മെയ് 10 ന് രാവിലെ 5.29 വരെ എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നുവെന്നാണ് അറിയിപ്പ്. ഈ കാലയളവില്‍ വിമാന ടിക്കറ്റുകള്‍ എടുത്തവര്‍ക്ക് റീഫണ്ട് നല്‍കുമെന്നും എയര്‍ലൈന്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂരിനെത്തുടര്‍ന്ന് വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വിവിധ വിമാനക്കമ്പനികള്‍ വിമാനം റദ്ദാക്കിയിട്ടുണ്ട്.