അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കലി. രണ്ടുപേർക്ക് ദാരുണാന്ത്യം. വാഴച്ചാൽ ശാസ്താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. 24 മണിക്കൂറിനിടെ പ്രദേശത്ത് മൂന്നു ജീവനുകളാണ് പൊലിഞ്ഞത്. ഞായറാഴ്ച രാത്രി ആനയുടെ ആക്രമണത്തിൽ അതിരപ്പിള്ളിയിൽ ഒരു ആദിവാസി യുവാവും മരിച്ചിരുന്നു. വഞ്ചിക്കടവിൽ കുടിൽകെട്ടി താമസിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ എത്തിയതായിരുന്നു ഇവർ. തിങ്കളാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്.
രണ്ടുപേർ ഓടി രക്ഷപ്പെട്ടു. വനവിഭവം ശേഖരിക്കാൻ പോകുന്നതിനിടെയാണ് ഇരുവരെയും ആന ആക്രമിക്കുന്നത്. ഇന്നലെ രാത്രിയിൽ കാട്ടാനയെ കണ്ട് ഇരുവരും ഓടിയിരുന്നു. കാട്ടാനക്കൂട്ടം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നെന്നും ചിതറിയോടിയ ഇവരെ തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തിയെന്നുമാണ് പുറത്തുവരുന്ന വിവരം. പ്രദേശവാസികൾ നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. അംബികയുടെ മൃതദേഹം പുഴയിൽനിന്നും സതീഷിന്റേത് പാറപ്പുറത്തു നിന്നുമാണ് കണ്ടെത്തിയത്. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്.
അടിച്ചിൽതൊട്ടി മേഖലയിലെ തമ്പാന്‍റെ മകൻ സെബാസ്റ്റ്യൻ (20) ആണ് ഞായറാഴ്ച രാത്രി മരിച്ചത്. വനത്തിൽനിന്നും സെബാസ്റ്റ്യനും കൂട്ടുകാരും തേൻ ശേഖരിച്ച് മടങ്ങുകയായിരുന്നു. വീടിന് 100 മീറ്റർ മാത്രം അകലെ വെച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. നാട്ടുകാർ സംഘടിച്ച് ആനയെ തുരത്തി നടത്തിയ തിരച്ചിലിൽ സെബാസ്റ്റ്യന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിജയൻ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.