2024ലെ മികച്ച എയർലൈനുകളുടെ പട്ടിക: ആഗോളതലത്തിൽ 20ാം സ്ഥാനം കരസ്ഥമാക്കി കുവൈത്ത് എയർവേയ്‌സ്

2024ലെ ലോകത്തെ മികച്ച എയർലൈനുകളുടെ പട്ടികയിൽ കുവൈത്ത് എയർവേയ്‌സിന് 20-ാം സ്ഥാനം. എയർഹെൽപ് വെബ്‌സൈറ്റിൻറെ 2024ലെ വാർഷിക റിപ്പോർട്ടിലാണ് കുവൈത്ത് എയർവേയ്‌സിന്റെ നേട്ടം. 109 വിമാനക്കമ്പനികളാണ് പട്ടികയിൽ ഉൾപ്പെടുന്നത്. മിഡിൽ ഈസ്റ്റിൽ 5ാം സ്ഥാനവും കുവൈത്ത് എയർവേയ്‌സ് കരസ്ഥമാക്കി. സമയനിഷ്ഠ (88 ശതമാനം), യാത്രക്കാരുടെ അഭിപ്രായങ്ങൾ (85 ശതമാനം), ക്ലെയിം പ്രോസസിംഗ് (43 ശതമാനം) എന്നിവയിൽ 72 ശതമാനം സ്‌കോർ നേടിയാണ് കുവൈത്ത് എയർവേയ്‌സ് ഈ നേട്ടം കൈവരിച്ചത്.

കാബിൻ ക്രൂ സേവനം, യാത്രയിലെ വിമാനത്തിൻറെ സൗകര്യം, വിമാനത്തിൻറെ ശുചിത്വം, ഭക്ഷണ മെനുവിൻറെ ഗുണനിലവാരം, യാത്രയിലെ വിനോദ പരിപാടികൾ എന്നീ അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കി ലോകമെമ്പാടുമുള്ള 54-ലധികം രാജ്യങ്ങളിലെ യാത്രക്കാരുടെ അഭിപ്രായങ്ങൾ ശേഖരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. 2024 ജനുവരി ആദ്യം മുതൽ ഒക്ടോബർ അവസാനം വരെയുള്ള കാലയളവിലെ അഭിപ്രായങ്ങളാണ് പരിഗണിച്ചത്.

2024-ലെ മികച്ച വിമാനക്കമ്പനികളിൽ ലോകത്ത് 20-ാം സ്ഥാനവും മിഡിലീസ്റ്റിൽ അഞ്ചാം സ്ഥാനവും നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കഴിഞ്ഞ വർഷം മുഴുവനും, പ്രത്യേകിച്ച് 2024-ലെ വേനൽക്കാലത്ത് കുവൈത്ത് എയർവേയ്‌സ് ജീവനക്കാർ നടത്തിയ അതിശക്തമായ ശ്രമങ്ങളുടെ വിജയമാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്നും കുവൈത്ത് എയർവേയ്‌സ് ചെയർമാൻ ക്യാപ്റ്റൻ അബ്ദുൽമോഹ്‌സെൻ സാലിം അൽ ഫഗാൻ പറഞ്ഞു.

സേവനം, പ്രവർത്തനം, സാങ്കേതികക്ഷമത എന്നിവയിലും കമ്പനിയുടെ ജീവനക്കാരുടെ അർപ്പണബോധത്തിലൂടെയും കമ്പനിയുടെ മൊത്തം പ്രകടനത്തിൻറെ ഗുണനിലവാരത്തിൽ വരുത്തിയ മെച്ചപ്പെടുത്തലുകളെയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് അൽ ഫഗാൻ പറഞ്ഞു. കുവൈത്തിന്റെ ദേശീയ വിമാനക്കമ്പനി എന്ന നിലയിൽ, ലോക വ്യോമയാന ഭൂപടത്തിൽ രാജ്യത്തിൻറെ സ്ഥാനം മെച്ചപ്പെടുത്തുന്നതിലും സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിന് സംഭാവന നൽകുന്നതിലും കുവൈത്ത് എയർവേയ്‌സ് അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രാ തടസ്സങ്ങൾക്കും ബാഗേജ് നഷ്ടപ്പെടുന്നതിനും നഷ്ടപരിഹാരം നൽകുന്നതിന് യാത്രക്കാരെ സഹായിക്കുന്ന വെബ്‌സൈറ്റുകളിൽ ഒന്നാണ് എയർഹെൽപ്.

Leave a Reply

Your email address will not be published. Required fields are marked *