കുവൈത്തിൽ മരിച്ച നഴ്‌സ് ദമ്പതികൾക്ക് പ്രവാസലോകത്തിൻറെ അന്ത്യാഞ്ജലി. കൊല്ലപ്പെട്ട എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി എന്നിവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സഭാ ഹോസ്പിറ്റൽ മോർച്ചറിയിൽ പൊതുദർശനത്തിന് വച്ചപ്പോൾ നിറകണ്ണുകളോടെയാണ് നൂറുകണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിച്ചത്.
മൃതദേഹത്തിൽ കുവൈത്തിലെ സാംസ്‌കാരിക രംഗത്തെ പ്രമുഖരും, സുഹൃത്തുക്കളും, സഹപ്രവർത്തകരും അന്തിമോപചാരം അർപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടുകൂടിയാണ് മൃതദേഹങ്ങൾ പൊതുദർശനത്തിനായി സഭാ മോർച്ചറിയിൽ എത്തിച്ചത്. നേരത്തെ തന്നെ നൂറുകണക്കിനാളുകൾ മൃതദേഹങ്ങൾ കാണാനായി തടിച്ചുകൂടിയിരുന്നു. പൊതുദർശനത്തിന് ശേഷം വൈകുന്നേരത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രിയിലെ വിമാനത്തിൽ സൂരജ്, ബിൻസി എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലേക്കെത്തിക്കും. കുവൈത്തിലെ ജോലി അവസാനിപ്പിച്ച് ഓസ്ട്രേലിയയിലേക്ക് ചേക്കേറാനായി തയ്യാറെടുത്ത് ഒരുങ്ങിയിരുന്ന സൂരജ്, ബിൻസി ദമ്പതികൾ അവസാനം കൊച്ചു കുട്ടികളെ അനാഥരാക്കി ജന്മ നാട്ടിലെ ആറടിമണ്ണിലേക്ക് യാത്രയാവും.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് കുവൈത്തിനെ നടുക്കിയ നഴ്‌സ് ദമ്പതികളുടെ കൊലപാതകം പുറംലോകമറിയുന്നത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിന് സമീപമുള്ള ഫ്ളാറ്റിലാണ് മലയാളി നഴ്‌സ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി ദമ്പതികളാണ് മരണപ്പെട്ടത്. രണ്ടുപേരും കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാരായിരുന്നു.
പൊലീസ് റിപ്പോർട്ട് പ്രകാരം, തലേ ദിവസം രാത്രിയിൽ ഫ്‌ലാറ്റിൽ നിന്നും ദമ്പതികൾ തമ്മിലുള്ള വഴക്കിന്റെയും സ്ത്രീയിൽ നിന്നുള്ള നിലവിളിശബ്ദങ്ങളും കേട്ടതായും അയൽക്കാർ അറിയിച്ചതിനെത്തുടർന്ന് ഫ്‌ലാറ്റ് സെക്യൂരിറ്റി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിലേക്ക് വിവരം അറിയിക്കുകയും പൊലീസ് അബ്ബാസിയയിലെ സംഭവസ്ഥലത്തെ ഫ്‌ലാറ്റിന്റെ ഡോർ തകർത്ത് അപ്പാർട്ട്‌മെന്റിൽ പ്രവേശിച്ചപ്പോൾ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തുകയുമായിരുന്നു. കഴുത്തറത്ത നിലയിൽ രക്തത്തിൽ കുളിച്ച് ഹാളിൽ ബിൻസിയുടെ മൃതദേഹവും തൊട്ടടുത്ത് ആത്മഹത്യ ചെയ്ത നിലയിൽ സൂരജിനെയും കണ്ടെത്തി.
ദിവസങ്ങൾക്ക് മുൻപാണ് രണ്ടുപേരും മക്കളായ ഈവ്‌ലിൻ , എയ്ഡൻ എന്നിവരെ നാട്ടിലാക്കി ഈസ്റ്റർ ആഘോഷങ്ങൾക്ക് ശേഷം തിരിച്ച് കുവൈത്തിലെത്തിയത്. രണ്ടുപേരും കുവൈത്തിലെ ജോലി അവസാനിപ്പിച്ച് ഓസ്ട്രേലിയയിലേക്ക് പോകാനായി നടപടികൾ പൂർത്തിയാക്കി യാത്രക്കൊരുങ്ങുന്നതിനിടയാണ് സംഭവം. ഇതിന്റെ ഭാഗമായി മക്കളെ നാട്ടിലെ സ്‌കൂളിൽ ചേർത്ത് ദിവസങ്ങൾക്കു മുൻപ് മാത്രമാണ് ഇവർ കുവൈത്തിൽ തിരിച്ചെത്തിയത്. മരണപ്പെട്ട സൂരജ് ആരോഗ്യ മന്ത്രാലയത്തിലെ ജാബർ ആശുപത്രിയിലും ബിൻസി പ്രതിരോധ മന്ത്രാലയത്തിലെ സ്റ്റാഫ് നഴ്സുമായിരുന്നു.