കുവൈത്ത് സിറ്റി: കുവൈത്തിലെ ശക്തമായ പൊടിക്കാറ്റ് വിമാന സർവീസുകളെയും ബാധിക്കുന്നു. ഇന്നലെ വൈകുന്നേരം വീശിയ കനത്ത പൊടിക്കാറ്റിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മൂന്ന് വിമാന സർവീസുകളാണ് വഴി തിരിച്ചുവിട്ടത്. കാറ്റിനെ തുടർന്ന് വിമാനത്താവളത്തിലെ കാഴ്ചപരിധി ഗണ്യമായി കുറഞ്ഞിരുന്നു. ഇതിനാലാണ് മൂന്ന് വിമാനങ്ങൾ സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നത്.
കാലാവസ്ഥ അസ്ഥിരമായിരുന്നിട്ടും യാത്രക്കാരെയും വിമാനങ്ങളെയും സംരക്ഷിക്കുന്നതിനായി എല്ലാ മുൻകരുതൽ നടപടികളും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി നടപ്പിലാക്കിയിട്ടുണ്ടെന്ന് എയർ നാവിഗേഷൻ വകുപ്പ് ഡയറക്ടർ ദാവൂദ് അൽ ജറാ അറിയിച്ചു. കാഴ്ചപരിധി 300 മീറ്ററിൽ താഴെയായതിനാൽ അസ്യൂട്ടിൽ നിന്നും കെയ്റോയിൽ നിന്നും എത്തിയ രണ്ട് എയർ കെയ്റോ വിമാനങ്ങളും ഡൽഹിയിൽ നിന്നുള്ള ഒരു ഇൻഡിഗോ വിമാനവും ലാൻഡ് ചെയ്യാൻ കഴിയാതെ ഏറ്റവും അടുത്തുള്ള ദമ്മാമിലെ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. പൊടിക്കാറ്റ് ഉണ്ടായിരുന്നിട്ടും ഷെഡ്യൂൾ ചെയ്ത മറ്റ് വിമാനങ്ങൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.