കുവൈത്ത് സിറ്റി : കുവൈത്തില്‍ രണ്ടിടങ്ങളിലായി രണ്ട് പ്രവാസി വനിതകള്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് വീണു മരിച്ചു. നേപ്പാൾ, സിറിയൻ സ്വദേശിനികളാണ് മരിച്ചത്.മഹ്‍ബുലയില്‍ സിറിയന്‍ സ്വദേശിനിയാണ് കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് വീണു മരിച്ചത്. സിറിയൻ സ്വദേശിനിയുടേത് അപ്രതീക്ഷിത വീഴ്ചയും,നേപ്പാൾ സ്വദേശിനിയുടേത് ആത്മഹത്യയുമാണെന്നാണ് പ്രാഥമിക നിഗമനം.
സിറിയൻ സ്വദേശിനി ഗ്ലാസ് വിന്‍ഡോ വൃത്തിയാക്കുന്നതിനിടെ ആറാം നിലയില്‍ നിന്ന് കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് മരണപ്പെട്ട സ്‍ത്രീയുടെ പിതാവ് പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പൊലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മരണപ്പെട്ട യുവതിയുടെ അച്ഛനെ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.രണ്ടാമത്തെ സംഭവത്തില്‍ നേപ്പാള്‍ സ്വദേശിനിയായ യുവതിയാണ് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നു വീണ് മരിച്ചത്. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ യുവതിയുടെ മൃതദേഹമാണ് കണ്ടെത്താനായത്. മരണപ്പെട്ട യുവതി മറ്റ് രണ്ട് സ്‍ത്രീകള്‍ക്കൊപ്പമാണ് ഒരു അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. യുവതിക്ക് ഒപ്പം താമസിച്ചിരുന്ന രണ്ട് സ്ത്രീകളെയും തുടരന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. മരണം സംബന്ധിച്ച് രണ്ടിടങ്ങളില്‍ നിന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിക്കുകയായിരുന്നു. രണ്ട് സംഭവങ്ങളിലും സുരക്ഷാ വകുപ്പുകള്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.