ദേശീയ- വിമോചന ദിനാഘോഷത്തിന് ഒരുങ്ങി കുവൈത്ത്

പാതയോരങ്ങളിൽ നിരന്നു നിൽക്കുന്ന ദേശീയ പതാകകൾ, വിവിധ സ്ഥാപനങ്ങൾക്കും വീടുകൾക്കും മുന്നിൽ ഒരുക്കിയ അലങ്കാരങ്ങൾ, മാളുകളിലും വൻ കെട്ടിടങ്ങളിലും നിറങ്ങളാൽ പ്രഭചൊരിഞ്ഞ വെളിച്ചക്കൂട്ടുകൾ, വിവിധ പരിപാടികൾ, മത്സരങ്ങൾ. കുവൈത്ത് ആഘോഷമാസത്തിലാണ്. ദേശീയ വിമോചന ദിനാഘോഷങ്ങളുടെ ഹല ഫെബ്രുവരിയിൽ. ഫെബ്രുവരി 25, 26 തീയതികളിലാണ് ദേശീയ വിമോചന ദിനാഘോഷങ്ങൾ. ഇതിനായുള്ള ഒരുക്കത്തിലാണ് രാജ്യവും ജനങ്ങളും.

കുവൈത്ത് മുനിസിപ്പൽ കൗൺസിൽ കെട്ടിടത്തിലെ ഏറ്റവും വലിയ ഡിസ്‌പ്ലേ സ്‌ക്രീനിൽ ആഘോഷങ്ങളുടെ ഹൈലൈറ്റാണ്. 1,200 ചതുരശ്ര മീറ്റർ സ്‌ക്രീൻ നായിഫ് പാലസിന്റെ കവലയിലാണ്. രാത്രിയും പകലും സ്‌ക്രീനിൽ അമീറിന്റെയും കുവൈത്തിന്റെയും ചിത്രങ്ങൾ തെളിയും. ആഘോഷത്തിന്‍റെ ഭാഗമായി ഔദ്യോഗിക കെട്ടിടങ്ങള്‍, പ്രധാന റോഡുകള്‍ തുടങ്ങിയവ അലങ്കരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങൾ കുവൈത്തിന്റെ ദേശീയ പതാകകളാൽ നിറയും. വിവിധങ്ങളായ കലാ- സാംസ്കാരിക പരിപാടികളും ആഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറും.

വാട്ടർ ബലൂണുകൾ എറിഞ്ഞാൽ പിഴയും തടവും…

ആഘോഷവേളകളിൽ വാട്ടർ ബലൂണുകൾ കൊണ്ടുള്ള കളി വേണ്ട. വാട്ടർ ബലൂൺ ഉപയോഗം പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ലംഘനമാണ്. ഇവ എറിഞ്ഞാൽ 5,000 ദീനാർ വരെ പിഴയോ മൂന്ന് വർഷം തടവോ ലഭിക്കാവുന്ന കുറ്റമാണെന്ന് പരിസ്ഥിതി പൊലീസ് അറിയിച്ചു. ആഘോഷങ്ങളിൽ കുട്ടികളെ സംരക്ഷിക്കാനും നിയമം പാലിക്കാനും പരിസ്ഥിതി പൊലീസ് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *