രാജ്യത്തെ പ്രവാസികൾക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്ന നടപടിക്രമങ്ങളിൽ കുവൈറ്റ് മാറ്റം വരുത്താനൊരുങ്ങുന്നു. 2024 ഏപ്രിൽ 18-നാണ് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. കുവൈറ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും, നിയുക്ത ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹ് വിളിച്ച് ചേർത്ത യോഗത്തിലാണ് ഈ തീരുമാനം. കുവൈറ്റിലെ തൊഴിലാളി ക്ഷാമം, ഉയർന്ന വേതനനിരക്കുകൾ എന്നിവ പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി.
مجلس إدارة الهيئة العامة للقوى العاملة يعدل آلية منح تصاريح العمل #الهيئة_العامة_للقوى_العاملة#manpower_kuwait pic.twitter.com/uSpJCxnyt1
— الهيئة العامة للقوى العاملة (@manpowerkwt) April 18, 2024
ഈ പുതിയ തീരുമാന പ്രകാരം, വർക് പെർമിറ്റുകൾ അനുവദിക്കുന്നതും, വർക് പെർമിറ്റുകളോടെ വിദേശത്ത് നിന്ന് പ്രവാസിതൊഴിലാളികളെ കൊണ്ട് വരുന്നതും ഉൾപ്പടെയുള്ള നടപടിക്രമങ്ങളിൽ മാറ്റം വരുത്തുന്നതാണ്. ഇതിന് പ്രത്യേക ഫീസ് ഏർപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നതായാണ് ലഭിക്കുന്ന സൂചന. ഈ പുതുക്കിയ നടപടിക്രമങ്ങൾ 2024 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ഈ പുതിയ നടപടികൾ പ്രകാരം സ്ഥാപനങ്ങൾക്ക് അവർക്ക് അനുവദിച്ചിട്ടുള്ള ലൈസൻസുകൾ അനുസരിച്ച് വിദേശത്ത് നിന്ന് തൊഴിലാളികളെ കൊണ്ട് വരാവുന്നതാണ്. നേരത്തെ അനുവദിക്കപ്പെട്ടിട്ടുള്ള ലൈസന്സുകളുടെ 25 ശതമാനം മാത്രമാണ് വിദേശത്ത് നിന്ന് നേരിട്ട് നിയമിക്കുന്നതിന് (ബാക്കിയുള്ള 75 ശതമാനം പ്രാദേശികമായി നിയമിക്കണം എന്ന വ്യവസ്ഥയോടെ) അനുവാദം നൽകിയിരുന്നത്.
ഈ നടപടി വേതനനിരക്ക് കുറയ്ക്കുന്നതിനും, തൊഴിലാളികളുടെ ലഭ്യത കൂട്ടുന്നതിനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ നടപടിക്രമങ്ങൾ പ്രകാരം, പുതിയതായി അനുവദിക്കുന്ന വർക് പെർമിറ്റുകൾക്ക് അധികഫീസ് ഇനത്തിൽ 150 ദിനാർ ചുമത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെ, മൂന്ന് വർഷത്തിലധികമായി കുവൈറ്റിൽ ഇല്ലാത്ത തൊഴിലാളികളെ ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊരു സ്ഥാപനത്തിന് കീഴിലേക്ക് മാറ്റുന്ന അവസരത്തിൽ 300 ദിനാർ ഫീസ് ചുമത്താനും തീരുമാനിച്ചിട്ടുണ്ട്.