കുവൈത്ത് സിറ്റി: ഉയർന്ന താപനില കാരണം രാജ്യത്തെ വൈദ്യുതി ഉപഭോഗം വർധിച്ചു. ശനിയാഴ്ച പരമാവധി ലോഡ് 12,910 മെഗാവാട്ട് ആയി ഉയർന്ന് റെഡ് സോണിനോടടുത്തു. താപനില ഇന്നലെ 43 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നതാണ് മുമ്പത്തെ ദിവസത്തെ അപേക്ഷിച്ച് ഏകദേശം 1,200 മെഗാവാട്ട് അധിക ഉപഭോഗത്തിന് കാരണമായെന്ന് വൃത്തങ്ങൾ അറിയിച്ചു.
കാലാവസ്ഥാ പ്രവചനങ്ങൾ അനുസരിച്ച് ചൂട് ഉയരുന്നതിനാൽ വാരാന്ത്യത്തിൽ ഉപഭോഗം ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും വാരാന്ത്യ അവധി ഉപഭോഗം കുറയ്ക്കാൻ സഹായിച്ചേക്കാം. നെറ്റ്വർക്കിലെ ആവശ്യത്തിന് ഉൽപ്പാദനം ഉണ്ടായിരുന്നതിനാൽ ഇന്നലെ ഊർജ്ജ ആവശ്യം നിറവേറ്റാൻ മന്ത്രാലയത്തിന് കഴിഞ്ഞുവെന്ന് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
അതേസമയം താപനില ഉയർന്നതിനെത്തുടർന്ന് ആറ് ഗവർണറേറ്റുകളിലെയും സെക്കൻഡറി ട്രാൻസ്‌ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം വേഗത്തിലാക്കി. മെയ് 3 വരെ വൈദ്യുതി വൈദ്യുതി തടസ്സത്തിന് കാരണമാകുമെന്നും മന്ത്രാലയം അറിയിച്ചു. പ്രവർത്തന കാലയളവിൽ ഉപഭോക്താക്കൾ നൽകുന്ന സഹകരണത്തിന് മന്ത്രാലയം നന്ദി അറിയിച്ചു.