റമദാനിൽ നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിപ്പിക്കുന്നത് തടയാൻ വാണിജ്യ- വ്യവസായ മന്ത്രാലയം നടപടി സ്വീകരിക്കും. വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ-അൻസാരിയുടെ നേതൃത്വത്തിൽ മുന്നൊരുക്ക യോഗം ചേർന്നു. വില നിരീക്ഷണത്തിനും പരിശോധനകൾക്കും പ്രത്യേക സമിതിയുണ്ടാക്കും. സെൻട്രൽ മാർക്കറ്റുകൾ, സഹകരണ സംഘങ്ങൾ, മാംസം, ഈത്തപ്പഴ കടകൾ, റെസ്റ്റാറന്റുകൾ, മധുരപലഹാരങ്ങൾ, മില്ലുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. റമദാനിലുടനീളം മിതമായ വില പാലിക്കണമെന്ന് കട ഉടമകൾക്ക് മുന്നറിയിപ്പ് നൽകി.
നിയമം ലംഘിച്ചാൽ അടച്ചുപൂട്ടല്‍ ഉൾപ്പെടെ നടപടികൾ നേരിടേണ്ടി വരുമെന്നും ഫൈസൽ അൽ അൻസാരി മുന്നറിയിപ്പ് നല്കി. ഗുണമേന്മയില്ലാത്തതും കാലാവധി കഴിഞ്ഞതുമായ ഉൽപന്നങ്ങൾ വിറ്റഴിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പരിശോധന ഊർജ്ജിതമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ജംഇയ്യകൾ, ഹൈപ്പർ-സൂപ്പർ മാർക്കറ്റുകൾ അടക്കം എല്ലാ ഭക്ഷ്യയുൽപന്ന കേന്ദ്രങ്ങളിലും പരിശോധകരെത്തും. കേടായ സാധനങ്ങൾ വിൽക്കുന്നതും അമിത വില ഇടാക്കുന്നതും പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. റമദാനിൽ അവശ്യക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധന ചൂഷണം ചെയ്ത് കൃത്രിമ വിലവർധന ഉണ്ടാക്കുന്നവരുണ്ട്. സ്വദേശികളും വിദേശികളുമുൾപ്പെടെ ഉപഭോക്താക്കളെ കബളിപ്പിച്ച് നടത്തുന്നത് അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
പഴം, പച്ചക്കറി വിപണിയിലെയും മാംസ- മത്സ്യ വിപണിയിലെയും വില നിലവാരം അപ്പപ്പോൾ പഠന വിധേയമാക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അവശ്യ സാധനങ്ങളുടെ വില വർധന നേരിടുന്നതിനാവശ്യമായ നടപടികൾക്ക് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.