കുവൈത്തിലെ മരുന്ന് പ്രതിസന്ധി പരിഹരിച്ച് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈത്തിൽ മരുന്ന് ഇറക്കുമതി വേഗത്തിലാക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചതായും ടെണ്ടറുകള്‍ ത്വരിതപ്പെടുത്തുവാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും അധികൃതര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി രാജ്യത്ത് പുതിയ മരുന്നുകളുടെ ഷിപ്പ്മെന്‍റ് എത്തി.നേരത്തെ രാജ്യത്ത് ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പടെയുള്ള മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. കോവിഡ് മഹാമാരിയെ തുടർന്ന് ആഗോളതലത്തിലുണ്ടായ മരുന്നുകളുടെ ഉല്‍പ്പാദന കുറവും സമയബന്ധിതമായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതുമാണ് രാജ്യത്ത് മരുന്ന് ക്ഷാമത്തിന് കാരണമായത്.

മരുന്നുലഭ്യത ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ഇതിതിനിടെ മരുന്നുകൾ വാങ്ങുന്നതിനായി സാമ്പത്തിക വിഹിതം നൽകണമെന്ന ആരോഗ്യ മന്ത്രാലയത്തിന്‍റെ അഭ്യർത്ഥനകള്‍ മന്ത്രാലയം നിരസിച്ചിട്ടില്ലെന്ന് ധനമന്ത്രി അബ്ദുൾവഹാബ് അൽ റുഷൈദ് പറഞ്ഞു. ഔഷധങ്ങൾക്കായുള്ള ആരോഗ്യ മന്ത്രാലയത്തിന്‍റെ വാർഷിക ബജറ്റ് വിഹിതത്തില്‍ കുറവ് വരുത്തിയതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ധന മന്ത്രാലയം വിശദീകരണക്കുറിപ്പ് ഇറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *