കുവൈത്ത് സിറ്റി: തണുപ്പുകാലം കഴിഞ്ഞ് വേനൽക്കാലത്തിലേക്ക് കടക്കുകയാണ് കുവൈത്ത്. ഇതിനിടയിലുള്ള ധീരാബാൻ സീസണിലെ രണ്ടാം ഘട്ടത്തിലൂടെയാണ് കുവൈത്ത് കടന്നുപോകുന്നതെന്ന് അൽ അജൈരി സയൻറിഫിക് സെൻറർ സ്ഥിരീകരിച്ചു. ഇത് അൽ മുഅഖിർ നക്ഷത്രം എന്നറിയപ്പെടുന്നു. രാത്രിയിൽ മിതമായ കാലാവസ്ഥയും ഉച്ചയ്ക്ക് ഉയർന്ന താപനിലയുമാണ് ഈ കാലഘട്ടത്തിന്റെ പ്രത്യേകത. ഈ കാലയളവിൽ ഏപ്രിൽ അവസാനം വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം പറഞ്ഞു.
അതേസമയം, വാരാന്ത്യത്തിൽ പകൽ ചൂടും രാത്രിയിൽ മിതമായ കാലാവസ്ഥയുമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. കാറ്റ് വടക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് മാറി വീശും. വേഗത കുറഞ്ഞതും മിതമായതും ആയിരിക്കും, ചിലപ്പോൾ ശക്തമായ കാറ്റും ഉണ്ടാകും. തുറന്ന പ്രദേശങ്ങളിൽ പൊടി ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.