84ആം പിറന്നാളിൻ്റെ നിറവിൽ എ.കെ ആൻ്റണി ; ഡോ. മൻമോഹൻ സിംഗിൻ്റെ വിടവാങ്ങലിനെ തുടർന്ന് ആഘോഷങ്ങൾ ഒഴിവാക്കി

84ന്‍റെ നിറവിൽ കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി. ഒരേ ദിവസമാണ് കോൺഗ്രസ്സിനും ആന്‍റണിക്കും പിറന്നാൾ. മൻമോഹൻ സിങിന്‍റെ വിടവാങ്ങൽ കൊണ്ട് പാർട്ടിക്ക് ഇത്തവണ പിറന്നാൾ ആഘോഷമില്ല. ആഘോഷങ്ങൾക്ക് പണ്ടേ താല്പര്യമില്ലാത്ത നേതാവിന് ഇന്ന് പതിവ് ദിനം മാത്രം

കോൺഗ്രസ്സുകാരുടെ ഹൈക്കമാൻഡ് അങ്ങ് ഡൽഹിയിലാണ്. പക്ഷെ 2022 ൽ അധികാര രാഷ്ട്രീയം വിട്ട് ആന്‍റണി മടങ്ങിയത് മുതൽ ഹൈക്കമാൻഡിലേക്കുള്ള വഴി വഴുതക്കാട്ടെ അഞ്ജനത്തിലേക്കും നീണ്ടു. ഇന്ദ്രപ്രസ്ഥത്തിൽ നിന്നൊഴിഞ്ഞെങ്കിലും പാർട്ടിയിൽ ഇന്നും അവസാന വാക്കുകളിലൊന്ന് ആന്‍റണിയുടേതാണ്. പുതുതായി പോരിനിറങ്ങുന്നവർക്കും പഴയ പോരാളികൾക്കും ആത്മവിശ്വാസത്തോടെ കച്ചമുറുക്കാൻ ഇന്നും എകെയെ കാണാതെ പറ്റില്ല.

വിശ്രമകാലമെങ്കിലും എന്നും വൈകീട്ട് ഇന്ദിരാഭവനിലെത്തുന്ന ശീലത്തിന് മാറ്റങ്ങളൊന്നുമില്ല. താഴത്തെ നിലയിലെ മുറിയിൽ ആന്‍റണിക്കൊപ്പമുള്ള സംസാരം കെഎസ്‍യുക്കാരുടെ മുതൽ പ്രവർത്തക സമിതി അംഗങ്ങളുടെ വരെ പ്രധാന ആഗ്രഹമാണ്. എ കെ യിലെ എ അറക്കപ്പറമ്പിൽ അല്ല ആദർശമാണെന്ന വിശ്വാസത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി, 33 ൽ പാർട്ടി അധ്യക്ഷൻ, കേന്ദ്ര പ്രതിരോധ മന്ത്രി അങ്ങനെ ഉന്നത പദവികൾ അനേകം.

കസേരകൾ രാഷ്ട്രീയക്കാരുടെ ലക്ഷ്യമായിരിക്കെ, കയ്യിലെ അധികാരം പുഷ്പം പോലെ വലിച്ചെറിയാൻ മടിയില്ലാത്ത നേതാവാരെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ആന്‍റണി തന്നെ. ആയിരം പൂർണ്ണചന്ദ്രന്മാരെ കാണലിലൊന്നും വിശ്വാസമില്ല നേതാവിന്. ആഗ്രഹം ഇപ്പോഴും സ്വന്തം ജീവനായ പ്രസ്ഥാനത്തിൻറെ കരുത്താർജ്ജിക്കൽ മാത്രം.

Leave a Reply

Your email address will not be published. Required fields are marked *